തിരുവനന്തപുരം: നേതാക്കൾ സ്ഥാനമാനങ്ങളിൽ മതിമറക്കരുതെന്നും വിനയമായിരിക്കണം മുഖമുദ്രയെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ യൂത്ത് മൂവ്‌മെന്റ് പ്രവർത്തക സമ്മേളനം പേട്ട എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ പ്രവർത്തകർ നേതാക്കളായി വളരുമ്പോൾ അവരിൽ അഹങ്കാരം രൂപപ്പെടുന്നത് കാണാറുണ്ട്. അവരുടെ ശരീര ഭാഷയിൽ തന്നെ അത് പ്രകടമാകും. അവർ ഓച്ചിറ കാളകളെ പോലെയാണ്. ഓച്ചിറ കാളകളെ ആളുകൾ വന്നു തൊഴാറുണ്ട്. സത്യത്തിൽ ആളുകൾ തൊഴുന്നത് പരബ്രഹ്മ മൂർത്തിയെയാണ്. കാള വിചാരിക്കും തന്നെയാണ് തൊഴുന്നതെന്ന്. അതോടെ കാളയ്ക്ക് താനെന്ന ഭാവം തോന്നും. പക്ഷേ, കാളകെട്ട് ഉത്സവം കഴിഞ്ഞ് പരബ്രഹ്മമൂർത്തിയുടെ ചൈതന്യം പോയ കാളകൾ വെട്ടാൻ നിറുത്തുന്ന ജീവികൾ മാത്രമാണ്. ഈ ഓച്ചിറക്കാളകളെ പോലെയാണ് ചില നേതാക്കളുടെയും രീതി. നേതാക്കളായി കഴിഞ്ഞാൽ അവർ വിചാരിക്കുന്നത് തങ്ങളാണ് എല്ലാമെന്നാണ്. എന്നാൽ പ്രസ്ഥാനമില്ലെങ്കിൽ അവർ ഒന്നുമല്ലെന്നതാണ് യാഥാർത്ഥ്യം. അത് ഓർക്കാതെയാണ് അവർ ബലം പിടിക്കുന്നതും അഹങ്കരിക്കുന്നതും പോർവിളി നടത്തുന്നതും. പ്രസ്ഥാനമില്ലെങ്കിൽ കൃമിക്കു തുല്യരാണ് അവർ. പ്രസ്ഥാനത്തിനകത്തെ പ്രശ്നങ്ങൾ ആഭ്യന്തരമായി തന്നെ തീരണം. അത് പൊതുനിരത്തിലേക്കും സമൂഹ മാദ്ധ്യമങ്ങളിലേക്കും കോടതിയിലേക്കും എത്തിക്കുന്നത് ശരിയല്ല. മാറിനിന്ന് ചെളി വാരി എറിയാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്.
വനിതാസംഘവും യൂത്ത് മൂവ്‌മെന്റുമാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ ചിറകുകൾ. യൂത്ത് മൂവ്‌മെന്റിന്റെ ചിറകുകൾക്ക് കുറേക്കൂടി ജീവൻ വച്ചാലേ ഒരേ ശക്തിയോടെ പറന്നുയരാനാകൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ സംഘടിപ്പിച്ച കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഐരാണിമുട്ടം ശാഖാംഗങ്ങളെ വെള്ളാപ്പള്ളി ആദരിച്ചു.
യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആലുവിള അജിത്, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, കടകംപള്ളി സനൽ, കരിക്കകം സുരേഷ്, പി.ടി. മന്മഥൻ, അരുൺ അശോക്, പ്രത്യുഷ് ജയപാൽ, കെ.സി. അനിൽകുമാർ പ്രേമചന്ദ്രൻ, എ.കെ. അംബീശൻ തുടങ്ങിയവർ സംസാരിച്ചു.