തിരുവനന്തപുരം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിയെ വാഹനത്തിൽ കയറ്റിയ ശേഷം ആശുപത്രിയിലേക്കുള്ള വഴിയിൽ ഉപേക്ഷിക്കുകയും, കുട്ടി മരിക്കുകയും ചെയ്ത സംഭവം അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച കൈതകുഴിയിലുണ്ടായ അപകടത്തിലാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് സ്വമേധയാ കേസെടുത്തത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
റോഡരികിൽ നിന്ന അപ്പുപിള്ളയാർ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സുജിത്തിനെയാണ് (13) പുത്തനതാണി സ്വദേശി അബ്ദുൾ നാസർ ഓടിച്ച കാർ ഇടിച്ചത്. പ്രദേശവാസിയായ ഒരാൾക്കൊപ്പം കുട്ടിയെ അബ്ദുൾ നാസർ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ടയർ പഞ്ചറായെന്ന് പറഞ്ഞ് ഇവരെ വഴിയിലിറക്കി. തുടർന്ന് പ്രദേശവാസി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാലക്കാട് ജില്ലാകളക്ടറും ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.