1

പോത്തൻകോട്: മിൽമയുടെ ടാങ്കർ ലോറിയിടിച്ച് ഭിന്നശേഷിക്കാരിയായ വീട്ടമ്മ മരിച്ചു. കോലിയക്കോട് കെ.കെ.പാറ സരിതാഭവനിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രാധ (65 ) ആണ് മരിച്ചത്. രാഹുൽ ജംഗ്ഷനിൽ നിന്ന് പോത്തൻകോട്ടേക്ക് പോകുന്ന വൺവേയിൽ ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു അപകടം. വൺവേ റോഡിലെ കുട്ടിസിന് സമീപത്തെ കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോർമറിനും ടാങ്കർ ലോറിക്കിടയിലും പെട്ടുപോയ വീട്ടമ്മ തിടുക്കത്തിൽ രക്ഷപ്പെടുന്നതിനിടെയായിരുന്നു അപകടം. ട്രാൻസ്‌ഫോമാറിന് മുന്നിലെ തിട്ടയിൽ കാൽ തട്ടി തെന്നി റോഡിലേക്ക് വീണ ഉടനെ ടാങ്കറിന്റെ മുൻ ചക്രം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. മിൽമയ്ക്ക് വേണ്ടി അടൂരിൽ നിന്ന് പാലെടുക്കുന്ന കരാർ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. തിരുവന്തപുരത്തു നിന്നു പാലെടുക്കുന്നതിനായി അടൂരിലേക്ക് പോവുകയായിരുന്നു വാഹനം. അപകടത്തെ തുടർന്ന് പോത്തൻകോട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാണിക്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായ രാധ, പുറത്ത് ചില വീടുകളിൽ വീട്ടുജോലിക്കും പോകാറുണ്ട്. മക്കൾ: സരിത,സന്ധ്യ. മരുമക്കൾ: പ്രകാശൻ,ജയൻ.