malayinkil

മലയിൻകീഴ്: മലയിൻകീഴ് സ്കൂൾ - കോളേജ് റോ‌ഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഓരോ മഴയിലും കോളേജ് റോഡ് ആരംഭിക്കുന്ന മലയിൻകീഴ് ബി.എസ്.എൻ.എൽ സ്ഥിതി ചെയ്യുന്നിടം മുതൽ കോളജ് വരെ അപകടക്കെണിയായി കിടക്കുകയാണ്. എൽ.പി.യു.പി.ഹൈസ്ക്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി,കോളേജ്, ഗവ.ഐ.ടി.ഐ.എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏക റോഡാണ് തകർന്നത്. മഴപെയ്താലുടൻ ഈ റോഡ് കുളമാകും. കുത്തിയൊലിച്ചിറങ്ങുന്ന മഴവെള്ളവും ചെളിയും കല്ലുമൊക്കെ പ്രധാനറോഡിലാണ് (മലയിൻകീഴ്-കാട്ടാക്കട) എത്തിച്ചേരുന്നത്. പ്രധാന റോഡിലും സ്കൂൾ റോഡിലും ഓടയില്ലാത്തതാണ് മറ്റൊരു പ്രശ്നം. ഓടയില്ലാത്തതിനാൽ കുത്തിയൊലിച്ചെത്തുന്ന മഴ വെള്ളം റോഡാകെ തകർക്കുകയാണ്.

റോഡ് നിർമ്മിച്ചപ്പോൾ തന്നെ ഓട നിർമ്മിക്കാത്തതാണ് റോഡ് തകരാൻ പ്രധാന കാരണമെന്നാണ് യാത്രക്കാർ പറയുന്നത്. തകർന്ന റോഡിൽ അപകടങ്ങളും നിരവധിയാണ്. കഴിഞ്ഞ ദിവസം കോളേജിൽ പോയി മടങ്ങിയ ആട്ടോറിക്ഷ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞിരുന്നു.വിദ്യാർത്ഥികളെത്തിയാണ് രക്ഷപ്പെടുത്തിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചപ്പോഴേ ഈ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഇപ്പോൾ റോഡാകെ മെറ്റലുകൾ ഇളകിത്തെറിച്ച് അപകടക്കെണിയായി കിടക്കുന്ന റോഡ് എന്ന് നവീകരിക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

പ്രധാനറോഡിൽ അപകട പരമ്പര ഉണ്ടായപ്പോൾ അധികൃതർ ജെ.സി.ബി.ഉപയോഗിച്ച് റോഡിലെ ചെളിയും മണ്ണും മാറ്റിയെങ്കിലും തൊട്ട് പിന്നാലെ പെയ്ത മഴയിൽ വീണ്ടും റോഡ് പഴയപടിയായി. ഗവ.ഐ.ടി.ഐ.പ്രവർത്തനമാരംഭിച്ചപ്പോഴും റോഡ് നവീകരണം ഉയർന്നെങ്കിലും കോളേജ് ആരംഭിക്കുന്നതോടെ ഈ റോഡ് നൂതനരീതിയിൽ നവീകരിക്കുമെന്നായി അധികൃതർ. എന്നാൽ കോളേജ് ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞു,ഇപ്പോഴും റോഡ് പഴയപടി അപകടകെണിയായി കിടക്കുകയാണ്.

കോളേജ് റോഡ് ആരംഭിക്കുന്നിടം മുതൽ ഊരൂമ്പലം റോഡിൽ അവസാനിക്കുന്നിടം വരെ ഒന്നര കിലോമീറ്റർ ദൂരമേയുള്ളു.വിദ്യാർത്ഥികളുടെ യാത്രാദുരിതം കണ്ട് യുവജന സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ അദ്ധ്യായന വർഷാരംഭത്തിൽ റോഡിലെ കുഴികളിൽ സിമന്റ് ഇട്ട് ഉറപ്പിച്ചിരുന്നു. എന്നാൽ മഴവെള്ളത്തിന്റെ ഒഴുക്കിൽ അവയെല്ലാം ഒലിച്ച് പോയിരുന്നു.

കുഴികൾക്ക് 2 അടിയിലേറെ താഴ്ച

റോഡ് നവീകരിച്ചിട്ട് 5 വർഷം

ദുരിതമീ വിധം

 മഴവെള്ളം റോഡിൽ കുത്തിയൊലിച്ചെത്തും

 മഴവെള്ളപ്പാച്ചിലിൽ ടാർ ഒലിച്ചു പോയി

 ടാറിളകി മെറ്റലുകൾ ഇളകിത്തെറിക്കുന്നു

റോഡാകെ വൻ കുഴികൾ രൂപപ്പെട്ടു

റോഡിന്റെ വശങ്ങളിൽ വലിയ ഗർത്തങ്ങൾ

കുഴികളിൽ വീണ് വാഹനങ്ങൾ മറിയുന്നു

പ്രതികരണം:

റോഡ് ഉടൻ നവീകരിക്കും.നവീകരണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

ഐ.ബി.സതീഷ്.എം.എൽ.എ

ഫോട്ടോ അടിക്കുറിപ്പ്..തകർന്ന് കിടക്കുന്ന കോളേജ് റോഡ്.(2)അപകടത്തിൽപെട്ട ഓട്ടോറിക്ഷ)