തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും അപേക്ഷകളിലും വേഗത്തിൽ തീരുമാനമെടുക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും അദാലത്തുകൾ നടത്തി കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനും മന്ത്രി സി. രവീന്ദ്രനാഥ് നിർദേശിച്ചു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം.
നിയമനാംഗീകാരം ഉൾപ്പെടെയുള്ള ഫയലുകളിൽ ഉണ്ടാകുന്ന കാലവിളംബം പരിശോധിച്ച് സമയബന്ധിതമായി തീരുമാനമെടുക്കണം. ബോധപൂർവം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂളുകൾ തെറ്റായ രീതിയിൽ കുട്ടികളുടെ എണ്ണം കാണിച്ച് നിയമനം നടത്തിയെന്ന് പരിശോധനയിൽ തെളിഞ്ഞാൽ കർശന നടപടിയുണ്ടാകണം. സ്‌കൂളുകളുടെ സുരക്ഷിതത്വം, ടോയ്‌ലറ്റുകളുടെ നിലവാരം എന്നിവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് റിപ്പോർട്ട് ചെയ്യണം.
സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിൽ നിലവിലെ ഒഴിവുകളും വരുന്ന അക്കാഡമിക് വർഷത്തിൽ മാർച്ച് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകളും കണ്ടെത്തി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശിച്ചു.