
തിരുവനന്തപുരം: പ്രതിപക്ഷം ഇറക്കിയ ധവളപത്രത്തിൽ പറയും പോലെ കേരളത്തിൽ വികസന സ്തംഭനമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രൂക്ഷമായ ധനഞെരുക്കം ഉണ്ടായിട്ടും സർക്കാരിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ മൊത്തം പദ്ധതി ചെലവ് 16 ശതമാനം വളർന്നു. യു.ഡി.എഫ് ഭരണകാലത്ത് ഇത് 15 ശതമാനത്തിൽ താഴെ ആയിരുന്നു. ധന പ്രതിസന്ധി ഏറ്റവരും രൂക്ഷമായ നടപ്പ് വർഷത്തിൽ പോലും സെപ്തംബർ വരെ മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർദ്ധന ചെലവിൽ ഉണ്ടായി.
ഇതിന് പുറമേയാണ് കിഫ്ബി വഴിയുള്ള മൂലധന മുതൽമുടക്ക്. 45000 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നല്കിയത്. മൂലധന നിക്ഷേപ കുതിപ്പും ഉണ്ടായി.
നികുതി പിരിവിന്റെ പാളിച്ചകളെ കുറിച്ച് ധവളപത്രത്തിൽ പറയുന്നതിൽ നല്ല പങ്കും നികുതി ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ളതാണ്. വാർഷിക റിട്ടേണുകൾ നൽകാനുള്ള തീയതി അനന്തമായി നീണ്ടു പോകുകയാണ്. ഇത് മൂലം ഈ വർഷവും ജി.എസ്.ടി നഷ്ടപരിഹാര പരിധിക്ക് മുകളിൽ പോകാൻ നമ്മുക്കാവില്ല. അങ്ങനെ ഒരു സാഹചര്യം വന്നിട്ട് വാറ്റ് കുടിശിക പിരിക്കാം എന്നാണ് തീരുമാനിച്ചിട്ടുള്ളത്. അല്ലാത്ത പക്ഷം കുടിശിക പിരിച്ചതെല്ലാം നഷ്ടപരിഹാരത്തിൽ തട്ടിക്കിഴിച്ചു പോകും.
കിഫ്ബിയെ കുറിച്ച് ധവള പത്രത്തിലുള്ളത് പതിവ് വിമർശനമാണ്. കിഫ്ബിയിലൂടെയുള്ള പദ്ധതികൾ പൂർത്തീകരിക്കാൻ ഇടതുപക്ഷത്തിന് തുടർഭരണം നൽകണം. - ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.