തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ദേശീയ സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബിൽ പിൻവലിക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധനം നിയന്ത്രിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ ഇല്ലാതാക്കും. ബിൽ പ്രകാരം 12 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനം നടത്തുന്നതിനുള്ള ലൈസൻസ് സംസ്ഥാന സർക്കാരും, 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള ലൈസൻസ് കേന്ദ്രസർക്കാരുമാണ് നൽകേണ്ടത്. 12 നോട്ടിക്കൽ മൈൽ കഴിഞ്ഞുള്ള മേഖല എക്സ്ക്ലൂസീവ് എക്കണോമിക് സോണായി പ്രഖ്യാപിച്ച് അവിടെ കോർപ്പറേറ്റ് മത്സ്യബന്ധന കമ്പനികൾക്ക് പരിധിയില്ലാത്ത മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതാണ് ഈ ബിൽ. കടലിനെ പോലും കോർപ്പറേറ്റ് കമ്പനികൾക്ക് തീറെഴുതുകയാണ്. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.