. ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം ഇന്ന് ചെന്നൈയിൽ
. ധവാന് പകരം മായാങ്കം ഭുവനേശ്വറിന്
പകരം ശാർദ്ദൂലും ഇന്ത്യൻ ടീമിൽ
. മത്സരത്തിന് മഴയുടെ ഭീഷണി
ടിവി ലൈവ്: ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ
ചെന്നൈ : ട്വന്റി 20 പരമ്പരയിലെ അടിപൊളി വിജയത്തിന്റെ ലഹരിയിൽ ഇന്ത്യ വിൻഡീസിനെ ഏകദിന ഫോർമാറ്റിൽ നേരിടാനിറങ്ങുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന് ചെന്നൈ ചെപ്പേക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്തമഴപെയ്തത് മത്സരത്തിന് ഭീഷണിയാണ്.
പരിക്ക് കാരണം ട്വന്റി 20 യിൽ നിന്ന് വിട്ടുനിന്നിരുന്ന ഒാപ്പണർ ശിഖർ ധവാൻ ഏകദിനങ്ങളിലും ഇന്ത്യൻ ടീമിലുണ്ടാവില്ല. ട്വന്റി 20 യിൽ മലയാളി താരം സഞ്ജു സാംസണായിരുന്നു ധവാന്റെ പകരക്കാരനെങ്കിൽ ഏകദിനങ്ങളിൽ മായാങ്ക് അഗർവാൾ പകരക്കാരനാകും. എന്നാൽ സഞ്ജുവിനെപ്പോലെ മായാങ്കിന് വാട്ടർ ബോയ് വേഷം കെട്ടേണ്ടിവരില്ലെന്നാണ് സൂചന. ടെസ്റ്റിൽ അതിഗംഭീര അരങ്ങേറ്റം നടത്തിയ മായാങ്കിനെ ഏകദിന ടീമിൽ സ്ഥിരമാക്കാൻ ക്യാപ്ടൻ കൊഹ്‌ലിക്കും ആഗ്രഹമുണ്ട്.
പേസർ ശാർദ്ദൂൽ താക്കൂർ അവസാന നിമിഷം ഭുവനേശ്വർ കുമാറിന്റെ പകരക്കാരനായി ടീമിലെത്തിയിട്ടുണ്ട്. പരിക്കിൽനിന്ന് മോചിതനായി ട്വന്റി 20 പരമ്പരയിൽ കളിച്ച ഭുവനേശ്വറിന് അടിവയറ്റിലേറ്റ പരിക്കാണ് അടുത്ത പ്രഹരമായത്.
ട്വന്റി 20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊഹ്‌ലി, രോഹിത്, കെ.എൽ. രാഹുൽ എന്നിവരുടെ ഫോം തന്നെയാണ് ഇന്ത്യയുടെ ആത്മവിശ്വാസം. ഇൗ പരമ്പര ഏറ്റവും നിർണായകമാവുക ഋഷഭ് പന്തിനാകും. ട്വന്റി 20 പരമ്പരയിൽ ഒറ്റ മത്സരത്തിൽപോലും ഋഷഭിന് നന്നായി ബാറ്റു വീശാൻ കഴിഞ്ഞിരുന്നില്ല. സഞ്ജുവിനെ ക്ഷണിച്ചുവരുത്തിയ കാഴ്ചക്കാരനാക്കിയശേഷം ഋഷഭിനെ തുടർ പരാജയങ്ങളിലും പിന്താങ്ങുന്നത് വലിയ വിമർശനത്തിനാണ് ഇടയാക്കിയത്. ലോകകപ്പിന് ശേഷം ഇതുവരെ ഒരുമിച്ച് കളിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത സ്പിന്നർമാരായ കുൽദീപും ചഹലും ഇന്ന് ഒരുമിച്ച് ടീമിലുണ്ടാകുമോ എന്നതും ചർച്ചാവിഷയമാണ്. പേസർമാരായി ഷമിയും ചഹലും ഫ്ളേയിംഗ് ഇലവനിൽ ഉറപ്പാണ്.
മറുവശത്ത് രണ്ടാം ട്വന്റി 20 യിലെ വിജയവും പരമ്പരയിലെ മൊത്തത്തിലെ ബാറ്റിംഗ് പ്രകടനവും വിൻഡീസിന് ആത്മധൈര്യം നൽകുന്നുണ്ട്. മുന്നുംപിന്നും നോക്കാതെ ഷോട്ടുതീർക്കുന്ന ബാറ്റ്സ്‌മാൻമാരാണ് കരീബിയൻസിന്റെ കരുത്ത്. ഹെട് മേയർ, നിക്കോളസ് പുരാൻ, ഐവിൻ ലെവിസ് എന്നിവർക്കൊപ്പം ഷായ്‌ഹോപ്പ് കൂട്ടിച്ചേരുമ്പോൾ ബാറ്റിംഗ് നിരയ്ക്ക് ശക്തിയേറുമെന്ന് നായകൻ കെയ്‌റോൺ പൊള്ളാഡ് വിശ്വസിക്കുന്നു. കീമോപോൾ, റോസ്റ്റൺ ചേസ്, കോട്ടെ റെൽ തുടങ്ങിയവരാണ് ബൗളിംഗ് നിരയിലെ കരുത്തർ.
ടീമുകൾ ഇവരിൽനിന്ന്
ഇന്ത്യ : വിരാട് കൊഹ്‌ലി (ക്യാപ്ടൻ), രോഹിത് ശർമ്മ, മായാങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കേദാർ യാദവ്, രവീന്ദ്രജഡേജ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക്ചഹർ, മുഹമ്മദ് ഷമി, ശാർദ്ദൂൽ താക്കൂർ.
വിൻഡീസ്
കെയ്റോൺ പൊള്ളാഡ് (ക്യാപ്ടൻ), സുനിൽ അംബ്രിസ്, ഷായ്‌ഹോപ്പ്, ക്വാറി പിയറി, റോസ്റ്റൺ ചേസ്, അൽസാരി ജോസഫ്, കോട്ടെറെൽ, ബ്രാൻഡൺ കിംഗ് നിക്കോളാസ് പുരാൻ, ഹെട്മേയർ, എവിൻ ലെവിസ്, റൊമാരിയോ ഷെപ്പേർഡ്, ജാസൺ ഹോൾഡർ, കീമോ പോൾ, ഹെയ്ഡൻ വൽഷ് ജൂനിയർ.
10
വിൻഡീസിനെതിരെ തുടർച്ചയായ പത്താം ഏകദിന പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.