വിതുര: കേരളത്തിലെ കുട്ടികളെ അഭിനയവും നൃത്തവും അഭ്യസിപ്പിക്കാൻ ഇനി ലണ്ടനിൽ നിന്നും നൈജൽ വറേക്ക് എന്ന അതുല്യകലാകാരൻ കേരളത്തിലേക്കെത്തില്ല. ശനിയാഴ്ച വിതുരയിലെ സുഹൃത്ബാലഭവനിൽ കുട്ടികൾക്ക് പരിശീലനം നൽകിയ ശേഷം ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് മടങ്ങിയ നൈജൽ വറേക്ക് (54) കോവളത്തെ സ്വകാര്യ ഹോട്ടലിലെ ബാത്ത് റൂമിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. നാല് ദിവസം മുൻപാണ് നൈജൽവറേക്കും ഭാര്യ സൂസന്നാ ഗർഷ്യയും കേരളത്തിലെത്തിയത്. വിതുര അടിനായി സുഹൃത് ബാലഭവനിലെയും നാടകക്കളരിയിലെയും കുട്ടികൾക്ക് പരിശീലനം നൽകാനാണ് ഇരുവരും എത്തിയത്. ത്രിദിന പരിശീലനം പൂർത്തിയാക്കി തിരികെ ലണ്ടനിലേക്ക് പോകാൻ ഒരുങ്ങവേയാണ് മരണം ഈ കലാകാരനെ കൂട്ടിക്കൊണ്ടുപോയത്.
ഇരുവരും ലണ്ടനിലെ മിഡിൽ സെക്സ് യൂണിവേഴ്സിറ്റിയിലെ കൊറിയോഗ്രാഫർമാരായിരുന്നു. ഇരുപത് വർഷം മുൻപാണ് ആദ്യമായി കുട്ടികളെ പരിശീലിപ്പിക്കാനായി വിതുരയിലെത്തിയത്.നാല് തവണ വിതുര സുഹൃത് നാടകളരിയിലെത്തി കുട്ടികളെ നാടകവും,നൃത്തവും മറ്റും പഠിപ്പിച്ചിരുന്നു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ച ശേഷം ഇരുവരും ചേർന്ന് ഫ്ളയിംഗ് ഗോറില്ലാസ് എന്ന ട്രൂപ്പ് രൂപീകരിച്ച് സർക്കാർ സഹായത്തോടെ ജർമ്മൻ,ലിത്യാനിയ,ഇറ്റലി,ഫ്രാൻസ്,ലക്സംബർഗ്,റൂമേനിയ,ഇന്ത്യ,എന്നീ രാജ്യങ്ങളിലെ കുട്ടികൾക്ക് പരിശീലനം നൽകി വരികയായിരുന്നു. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് പരിശീലനം നൽകുന്നത്. ത്രിദിന ശില്പശാലയുടെ ഭാഗമായി നൈജലും സൂസന്നയും വിവിധ മേഖലകളിലെ കുട്ടികളുമായി സംവാദം നടത്തുകയും ലണ്ടനിലെ കലാരൂപങ്ങളെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും അറിവ് പകരുകയും ചെയ്തിരുന്നു. ഒടുവിൽ ലണ്ടനിൽ നിന്നും ഒരുമിച്ചെത്തിയ സൂസന്നയെ തനിച്ചാക്കി നൈജൽ അകാലത്തിൽ വിടപറയുകയായിരുന്നു.കോവളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ലണ്ടനിൽ കൊണ്ടുപോകുവാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.