വിതുര: അകാലത്തിൽ പൊലിഞ്ഞ കോൺഗ്രസ് നേതാവും പാരലൽകോളേജ് അദ്ധ്യാപകനുമായ വിതുര പൊന്നാംചുണ്ട് എസ്.എൻ. നിവാസിൽ എസ്.എൻ. ക്ലമന്റിന് (54) നാടിന്റെ അന്ത്യാഞ്ജലി. വിതുര മേഖലയിലെ കോൺഗ്രസിന്റെ നിറസാന്നിദ്ധ്യമായിരുന്ന ക്ലമന്റ്, രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധങ്ങൾ നേടിയ ആളായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗമായും പഞ്ചായത്തംഗമായും അനവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. മരണംവരെ പാരലൽകോളജ് അദ്ധ്യാപകനായി. ഒപ്പം കറകളഞ്ഞ രീതിയിൽ രാഷ്ട്രീയ പ്രവർത്തനവും നടത്തി വരികയായിരുന്നു. മരണവാർത്തയറിഞ്ഞ് വിദ്യാർത്ഥികളടക്കം നൂറുകണക്കിനുപേർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. മൃതദേഹം വിതുര കോൺഗ്രസ് ഹൗസിലും പൊതു ദർശനത്തിനുവച്ചു. അടൂർ പ്രകാശ് എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി എന്നിവരടക്കം വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികകക്ഷിനേതാക്കളും അന്ത്യോപചാരം അർപ്പിക്കാനെത്തി. മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൊന്നാംചുണ്ടിൽ അനുശോചന യോഗവും ചേർന്നു. അടൂർപ്രകാശ് എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എസ്.എൽ. കൃഷ്ണകുമാരി, മലയടിപുഷ്പാംഗദൻ, ബി.ആർ.എം ഷഫീർ, തോട്ടുമുക്ക് അൻസർ, സി.എസ്. വിദ്യാസാഗർ, പാക്കുളം അയൂബ്, ജയപ്രകാശൻനായർ, ചായം സുധാകരൻ, എൻ.എസ്.ഹാഷിം, ലാൽറോഷിൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.