കല്ലമ്പലം: ചാലുകോരി വയൽ കരയാക്കി മരച്ചീനി നട്ടതുമൂലം കൃഷിയിറക്കാനാകുന്നില്ലെന്ന് പരാതി. നാവായിക്കുളം കൃഷി ഭവന്റെ പരിധിയിലെ തൃക്കോവിൽവട്ടം ഏലായിലാണ് സ്വകാര്യ വ്യക്തി വയലിന്റെ മദ്ധ്യ ഭാഗത്തുകൂടി ചാലുകോരി കരയാക്കി മരച്ചീനി കൃഷി ചെയ്തിരിക്കുന്നത്. ഇതു മൂലം താഴോട്ടുള്ള വയലുകളിൽ വെള്ളം കിട്ടാതെ വന്നതോടെ കൃഷിയിറക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായി. നെൽക്കൃഷി ചെയ്യാൻ കഴിയാത്ത വിധത്തിലാണ് മരച്ചീനി കൃഷി ചെയ്തത്. കർഷകർ കുറച്ചു ഭാഗത്തെ മരച്ചീനി പിഴുതു കളഞ്ഞ് ചാല് നികത്തിയതിനാൽ ഇയാൾ പൊലീസിൽ കർഷകർക്കെതിരെ പരാതി നൽകി. തുടർന്ന് പൊലീസ് ഇരുകൂട്ടരുമായി നടത്തിയ ചർച്ചയിൽ മരച്ചീനി ഒഴിവാക്കി നിലം പൂർവ സ്ഥിതിയിലാക്കി നെൽകൃഷി നടത്താൻ തീരുമാനമായെങ്കിലും നടപ്പായില്ല. തുടർന്ന് നാവായിക്കുളം പാടശേഖര സമിതി കൃഷി ഓഫീസർക്ക് പരാതി നൽകി. തുടർന്ന് കൃഷി ഓഫീസിൽ നിന്നും കർഷകർക്ക് കൃഷിയിറക്കാൻ അനുകൂല സാഹചര്യമുണ്ടാക്കണമെന്ന് അറിയിപ്പ് നൽകിയെങ്കിലും അതംഗീകരിക്കാതെ വീണ്ടും മരച്ചീനി കൃഷി ചെയ്യാൻ ഒരുങ്ങുന്നതായി കർഷകർ പറഞ്ഞു. കൃഷി ചെയ്തു ജീവിക്കുന്ന കർഷകർക്ക് ഇതു മൂലം നെൽകൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും അധികൃതർ സംഭവത്തിൽ ശക്തമായ നിലപാടെടുത്ത് കൃഷിയിറക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നാവായിക്കുളം പാടശേഖര സമിതി ആവശ്യപ്പെട്ടു.