കുഴിത്തുറ: മുഖത്ത് ബോധം പോകാനുള്ള മരുന്ന് തളിച്ച ശേഷം മോഷണം. മാർത്താണ്ഡം ദേശീയപാതയ്ക്കടുത്തുള്ള സ്വർണക്കടയിൽ നിന്ന് 140 പവൻ കവർന്നു. ഇന്നലെ രാവിലെ 5 നായിരുന്നു സംഭവം. മാർത്താണ്ഡം സ്വദേശി ജോൺക്രിസ്റ്റഫറിന്റെ (48) ചിലങ്ക എന്ന സ്വർണക്കടയിലാണ് മോഷണം നടന്നത്. രാവിലെ ഭാര്യ ശാന്തി വീടിന്റെ വാതിൽ തുറന്ന് ടോയ്ലെറ്റിൽ പോയ നേര നോക്കി ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് മതിൽ ചാടി വീടിനകത്ത് കയറി. തുടർന്ന് ഉറങ്ങിക്കിടന്ന ക്രിസ്റ്റഫറിന്റെയും മകളുടെയും മുഖത്ത് ബോധം പോകാനുള്ള മരുന്ന് സ്‌പ്രേ ചെയ്ത ശേഷം വീടിനോട് ചേർന്നുള്ള സ്വർണക്കടയിൽ പ്രവേശിക്കുകയായിരുന്നു. ശബ്ദം കേട്ട് ശാന്തി വന്നപ്പോൾ മോഷ്ടാവ് കടന്ന് കളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. ജോൺ ക്രിസ്റ്റഫർ മാർത്താണ്ഡത്തിൽ വീടിനോട് ചേർന്ന് 10 വർഷമായി സ്വർണക്കട നടത്തുകയാണ്. പൊലീസ് സ്റ്റേഷന് സമീപത്തായാണ് മോഷണം ന
ടന്നിരിക്കുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തക്കല ഡിവൈ.എസ്.പി രാമചന്ദ്രൻ, മാർത്താണ്ഡം എസ്.ഐ ശിവശങ്കർ,സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ വിജയൻ, ഡോഗ്സ്‌ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
|