തിരുവനന്തപുരം: പൗരത്വം നൽകുന്നതിന്റെ മാനദണ്ഡം മതം അല്ലെന്നും ഭരണഘടനയുടെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ എം.എം. ഹസൻ. പൗരത്വഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെയും മതേതരത്വത്തെയും തകർത്തുകൊണ്ട് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള സംഘപരിവാറിന്റെ അജൻഡയാണ് ബില്ലിലൂടെ നടപ്പാക്കുന്നത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ ഞെരുക്കുകയാണ്. അതിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ-ഹസൻ പറഞ്ഞു.
വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, കോൺഗ്രസ് നേതാക്കളായ എം.എ. ലത്തീഫ്, പത്മകുമാർ, ചാക്ക രവി, ഹരി, ഇളമ്പ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി. കൂടുതൽ പൊലീസെത്തി പ്രതിരോധം തീർത്തു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും തിരുവനന്തപുരത്ത് നാളെ സംയുക്ത പ്രക്ഷോഭം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹമിരിക്കും. മന്ത്രിമാർ, എം.എൽ.എമാർ, സാംസ്‌കാരിക-കലാരംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.