കിളിമാനൂർ: തൊഴിലുറപ്പ് പദ്ധതിയുടെ കൂലി മാസങ്ങളായി ലഭിക്കാത്തതിനാൽ തൊഴിലാളികൾ പ്രതിസന്ധിയിൽ. കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചതിനൊപ്പം ഇപ്പോൾ തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ട് ആറ് മാസത്തിലേറെയാകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കുടിശിക വരെ നിരവധി പേർക്ക് ഇനിയും കിട്ടിയിട്ടില്ല.

ഇക്കണക്കിന് പോയാൽ പട്ടിണിക്കൊപ്പം ആത്മഹത്യയിൽ വരെ എത്തിച്ചേരുമെന്നാണ് തൊഴിലാളികളിൽ പലരും പറയുന്നത്. കശുവണ്ടി തൊഴിൽ മേഖലയുൾപ്പെടെ ക്ഷേമ പെൻഷനുകളും മറ്റു ആനുകൂല്യങ്ങളും ഏർപ്പെടുത്തുമ്പോൾ മഴയിലും ചെളിയിലും പണിയെടുക്കുന്ന ഇവരെ അവഗണിക്കുകയാണെന്ന പരാതിയാണുള്ളത്. പല പഞ്ചായത്തുകളും മഴക്കാല പൂർവ ശുചീകരണം തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് തുടങ്ങിയത് മഴയെത്തിയ ശേഷമായിരുന്നു. മുട്ടിന് മുകളിൽ മാലിന്യ ജലത്തിൽ മലിനമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് പകർച്ച വ്യാധികളുടെ ഭീഷണിയുമുണ്ട്.

ഒരു കുടുംബത്തിന് നൂറ് തൊഴിൽ ദിനങ്ങൾ എന്നത് കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ കുറയുമോ എന്ന ഭയത്തിൽ കഴിയുമ്പോഴാണ് ഇപ്പോൾ കൂലി കൂടി കിട്ടാതെയായത്. ഓണത്തിന് പലരും കടം വാങ്ങിയാണ് ഓണം ആഘോഷിച്ചത്. എന്നാൽ ഇതുവരെയും കൂലി ലഭിച്ചിട്ടില്ല. തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ച് കഴിയുന്ന പല കുടുംബംഗങ്ങളും നിലവിൽ പട്ടിണിയുടെ വക്കിലാണ്.