book-release

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ' പുതിയ കാലം, പുതിയ ലോകം, പുതിയ കവിത' എന്ന വിഷയത്തെ ആസ്പദമാക്കി കവിയരങ്ങ് സംഘടിപ്പിച്ചു. കവി രാജൻ കൈലാസ് ഉദ്ഘാടനം ചെയ്‌തു. മാനുഷിക മൂല്യങ്ങളുടെ നേർക്കുള്ള കടന്നാക്രമണങ്ങൾ ചെറുക്കാൻ എഴുത്തുകാർക്ക് ഇടപെടാൻ സാധിക്കണമെന്നും പ്രതിഭാശാലികളായ കവികളുടെ കാഴ്ചപ്പാടുകൾ ഭാവി ലോകത്തെ വാർത്തെടുക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം കായംകുളം യൂനുസ് അദ്ധ്യക്ഷനായി. പഴവിള ശശി,​ ഹരിദാസ് ബാലകൃഷ്‌ണൻ,​ സുമേഷ് കൃഷ്‌ണൻ,​ ജോയ് തമലം,​ ക്ലാപ്പന ഷണ്മുഖൻ,​ കബനി ബി. ഗീത,​ സുഗുണാ രാജൻ,​ എം. പാർത്ഥിവൻ,​ ജി. മോഹനകുമാരി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. അജയപുരം ജ്യോതിഷ് കുമാർ,​ വട്ടകരിക്കകം കൃഷ്ണൻ നായർ,​ വി.വി. കുമാർ,​ എം. ബാബുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പഴവിള ശശി രചിച്ച മുക്തകമാല എന്ന കൃതി കവി രാജൻ കൈലാസ് അജയപുരം ജ്യോതിഷ് കുമാറിന് നൽകി പ്രകാശനം ചെയ്‌തു.