kovalam

വിഴിഞ്ഞം: ഗംഗയാർ തോടിൽ നിന്നു അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് അധികൃതർ. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കടൽത്തീരത്ത് കടൽഭിത്തി (കോർവാൾ) നിർമ്മിക്കാൻ തീരുമാനമായി. വീതിയേറിയ ഗംഗയാർ തോട് അവസാനിക്കുന്നത് വിഴിഞ്ഞം കടലിലാണ്. ഫിഷറീസ് വകുപ്പിന്റെ ആവശ്യപ്രകാരം മൈനർ ഇറിഗേഷൻ വകുപ്പാണ് കോർവാൾ നിർമ്മിക്കുന്നത്.

വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തിന് എതിർവശത്തെ ചന്തയ്ക്ക് എതിർവശത്തുകൂടെയാണ് തോട് ഒഴുകുന്നത്. ബാലരാമപുരം മടവൂർപാറയിൽ നിന്നാണ് തോട് ആരംഭിക്കുന്നത്. അവസാനിക്കുന്നത് വിഴിഞ്ഞം കടലിലും. ഇക്കഴിഞ്ഞ മഴയിൽ തോട്ടിൽ വെള്ളം പൊങ്ങിയതോടെ പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികൾക്ക് നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി കടൽ കുഴിച്ചെടുക്കുന്ന മണ്ണ് തീരത്ത് അടിയുന്നതിനാൽ കടലിലേക്കുളള തോടിന്റെ ഒഴുക്ക് തടസ്സപ്പെടും. മണൽ അടിയുന്നത് ഒഴിവാക്കുകയും കടലും തോടും എപ്പോഴും ഒരുപോലെ ചേർന്ന് നിൽക്കുന്ന തരത്തിലുളള കടൽഭിത്തിയുമാണ് തീരത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതോടെ തൊട്ടിൽ നിന്നും വെള്ളം കയറിയുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.

കഴിഞ്ഞ മഴയിൽ തോട്ടിലെ വെള്ളം പൊങ്ങി കരകവിഞ്ഞതോടെ തോടിന്റെ തീരത്ത് വച്ചിരുന്ന മീൻപിടിത്ത ഉപകരണങ്ങളും എൻജിനുകളും വള്ളങ്ങളും ഒഴുകിപ്പോയി. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി തോടിന്റെ ഒരുവശം വെട്ടിപ്പൊളിച്ച് കടലിലേക്ക് വെള്ളം ഒഴുക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ സമീപത്തെ മാർക്കറ്റിനകത്തും വെള്ളം കയറി നാശനഷ്ടം സംഭവിച്ചിരുന്നു.

നഷ്ടങ്ങൾ ഏറിയതോടെ നാട്ടുകാർ ഫിഷറീസ് അധികൃതർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഗംഗയാർ തോടിലെ വെള്ളം കടലിലേക്ക് തടസ്സമില്ലാതെ ഒഴുകിപോകുന്നതിനുളള സ്ഥിരം സംവിധാനം സജ്ജമാക്കാമെന്ന് ഫിഷറീസ് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകി. ഇതേ തുടർന്ന് ഫിഷറീസ് അധികൃതർ മൈനർ ഇറിഗേഷൻ അധികൃതരെ സമീപിച്ചു. തോടിൽ അടിഞ്ഞിട്ടുളള ചെളിയും മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് തോടിന്റെ ഒഴുക്ക് സുഗമമാക്കാനാണ് ഫിഷറീസ് വകുപ്പ് അധികൃതർ മൈനർ ഇറിഗേഷനോട് ആവശ്യപ്പെട്ടത്.