വിഴിഞ്ഞം: ഗംഗയാർ തോടിൽ നിന്നു അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് അധികൃതർ. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കടൽത്തീരത്ത് കടൽഭിത്തി (കോർവാൾ) നിർമ്മിക്കാൻ തീരുമാനമായി. വീതിയേറിയ ഗംഗയാർ തോട് അവസാനിക്കുന്നത് വിഴിഞ്ഞം കടലിലാണ്. ഫിഷറീസ് വകുപ്പിന്റെ ആവശ്യപ്രകാരം മൈനർ ഇറിഗേഷൻ വകുപ്പാണ് കോർവാൾ നിർമ്മിക്കുന്നത്.
വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തിന് എതിർവശത്തെ ചന്തയ്ക്ക് എതിർവശത്തുകൂടെയാണ് തോട് ഒഴുകുന്നത്. ബാലരാമപുരം മടവൂർപാറയിൽ നിന്നാണ് തോട് ആരംഭിക്കുന്നത്. അവസാനിക്കുന്നത് വിഴിഞ്ഞം കടലിലും. ഇക്കഴിഞ്ഞ മഴയിൽ തോട്ടിൽ വെള്ളം പൊങ്ങിയതോടെ പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികൾക്ക് നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്.