തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപത്തിന്റെ ഏഴു മുറകളിൽ നാലാം ഘട്ടത്തിന് ഇന്നലെ തുടക്കമായി. രാവിലെ 6.30ന് ജല ജപത്തോടെയാണ് നാലാംമുറ മന്ത്രോച്ചാരണം ആരംഭിച്ചത്. ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ വേദ പണ്ഡിതരുടെ മന്ത്രോച്ചാരണം 10.30 വരെ നീണ്ടു. ജല ജപത്തെ തുടർന്ന് വേദ ജപം, മന്ത്ര ജപം, സഹസ്രനാമ ജപം എന്നിങ്ങനെയുള്ള ഉപാസനകൾ മുറപോല നടന്നു. വൈകിട്ട് പദ്മതീർത്ഥക്കരയിൽ നടന്ന ജലജപത്തോടെ നാലാം മുറയുടെ ആദ്യ ദിവസത്തെ ജപത്തിന് പൂർത്തിയായി. നാലാംമുറയിലെ ജപം ഈ മാസം 22ന് ശീവേലിയോടെ സമാപിക്കും. 23 ന് അഞ്ചാം മുറ തുടങ്ങും. മുറജപത്തോടനുബന്ധിച്ചുള്ള പന്ത്രണ്ട് കളഭത്തിനും ഇന്നലെ തുടക്കമായി. ക്ഷേത്ര തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കളഭച്ചടങ്ങുകൾ. പന്ത്രണ്ട് ദിവസം നീളുന്ന കളഭം ജനുവരി എട്ടു വരെയുണ്ടാകും. പതിവായി നടക്കുന്ന മാർകഴി കളഭം തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.