mv-govindan

തിരുവനന്തപുരം : പൗരത്വ ദേഭഗതി ബില്ലിലൂടെ രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനാണ് മോദി - അമിത്ഷാ സഖ്യം ശ്രമിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ പറഞ്ഞു. സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടണോമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷൻ (സ്‌പാറ്റൊ) സംസ്ഥാന സമ്മേളനം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷങ്ങളെയും ലോകമെങ്ങുമുള്ള ഇന്ത്യക്കാരെയും പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ നിയമം. ഭരണഘടനക്ക് എതിരായ ഈ നിയമം നടപ്പാക്കില്ലെന്ന് എൽ.ഡി.എഫ് സർക്കാർ നിലപാട് സ്വീകരിച്ചു. നിയമത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ ശ്രമിക്കുന്ന കേരളത്തോടൊപ്പം മറ്റു സംസ്ഥാന സർക്കാരുകളും മുന്നോട്ടുവരണം. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം നേരിടുന്ന ഘട്ടത്തിൽ കേന്ദ്രസർക്കാർ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ വർഗീയ ധ്രുവീകരണവും സങ്കുചിത ദേശീയതയും ഇളക്കിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ആനക്കൈ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എൻ.അശോക്‌കുമാർ, പി.അജിത്കുമാർ എന്നിവർ സംസാരിച്ചു. സ്‌പാറ്റൊ ജനറൽ സെക്രട്ടറി കെ.ഗോപകുമാർ റിപ്പോർട്ടവതരിപ്പിച്ചു. അജയകുമാർ രക്തസക്ഷി പ്രമേയവും പ്രദീപ്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വൈസ്‌ പ്രസിഡന്റ് വി.സി.ബിന്ദു സ്വാഗതവും സെക്രട്ടറി എസ്.ബി.ബിജു നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് 3.30ന് എ.കെ.ജി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.