monson-varghese
മോൻസൺ വർഗീസ്

തിരുവനന്തപുരം: സെൻട്രൽ എക്സൈസ് ആൻഡ് ഇൻകം ടാക്സ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം അയ്മനം കുടമാളൂർ പുളിമൂട്ടിൽ വീട്ടിൽ മോൻസൺ വർഗീസിനെയാണ് (53)​ ആൾസെയിന്റ്സ് കോളേജിനു സമീപം റെയിൽവേ ട്രാക്കിൽ ശനിയാഴ്ച രാത്രി എട്ടോടെ കണ്ടത്. വെള്ളിയാഴ്ച ജോലിക്ക് പോയ മോൺസൺ മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് അന്നു രാത്രി തന്നെ ഭാര്യ സനു കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: എട്ടു വർഷമായി തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മോൻസണും കുടുംബവും വട്ടിയൂർക്കാവ് മേലത്ത്മേൽ ജി.പി.ആർ.എ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. മോൻസൺ എഴുതിയ ഒരു കുറിപ്പ് കഴിഞ്ഞദിവസം ക്വാർട്ടേഴ്സിൽ നിന്ന് സനുവിന് ലഭിച്ചിരുന്നു. നാല്പത് ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നും അത് വീട്ടാൻ കഴിയാത്ത അവസ്ഥയാണെന്നുമായിരുന്നു കുറിപ്പ്.

അതേസമയം 20 വ‍ർഷത്തോളം സർവീസുള്ള കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ കടത്തിന്റെ പേരിൽ ജീവനൊടുക്കുമോ എന്നാണ് ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നത്. മോൺസന് സ്വന്തമായി വീടില്ല. കോട്ടയത്തുള്ളത് കുടുംബവീടാണ്. സംഭവത്തിൽ പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മക്കൾ: മരിയ (ഡിഗ്രി വിദ്യാർത്ഥി)​,​ മാനുവൽ (പത്താം ക്ലാസ് വിദ്യാർത്ഥി)​. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്ത മൃതദേഹം ഇന്നലെ വൈകിട്ടോടെ കോട്ടയത്തേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ.