ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗൺ വികസന കുതിപ്പിൽ മുന്നേറുമ്പോഴും ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വികസന കാര്യത്തിൽ പിന്നോട്ടെന്ന് പരാതി. ദിവസവും ആയിരക്കണക്കിനാളുകളെത്തുന്ന സ്ഥലമായിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നാണ് പരാതി. ജീവനക്കാർക്കോ യാത്രക്കാർക്കോ വിശ്രമിക്കാനുളള സൗകര്യങ്ങൾപോലും ഇവിടെയില്ല. സ്റ്റാൻഡിനുള്ളിലെത്തുന്ന യാത്രക്കാർക്ക് കയറിയിരിക്കാനോ ബസുകളുടെ ബോർഡ് നോക്കി കയറിപോകുന്നതിനോ ഉള്ള സൗകര്യം വളരെ കുറവാണ്. പലയിടത്തായി നിൽക്കുന്ന യാത്രക്കാർ ബസുകൾക്ക് പിന്നാലെ ഓടുന്നത് ഇവിടെ നിത്യ കാഴ്ചയാണ്. ബസുകൾ സ്റ്റാൻഡിൽ കയറുമ്പോൾ ഓടി മാറാത്തവർക്ക് അപകടം വരുന്നതും പതിവാണ്. തിരുവനന്തപുരം ഭാഗത്തേക്കാണ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് ഏറ്റവും കൂടുതലാളുകൾ യാത്രചെയ്യുന്നത്. വിദ്യാർത്ഥികളും മെഡിക്കൽകോളേജിൽ ചികിത്സതേടിപോകുന്നവരുമുൾപ്പെടെ ദിനംപ്രതി ആയിരക്കണക്കിന് പേരാണ് ഈ സ്റ്റാൻഡിനെ ആശ്രയിക്കുന്നത്. മഴയും വെയിലും കൊള്ളാതെ ഇവർക്ക് കയറിയിരിക്കാനുള്ള സുരക്ഷിതമായ ഒരിടം ഇവിടെയില്ല.