തിരുവനന്തപുരം: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ (എ.എം.എ), മൂലൂർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂലൂർ ശതോത്തര കനക ജൂബിലി ആഘോഷവും കവി രാമായണത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷവും നാളെ നടക്കും. കായിക്കര ആശാൻ സ്‌മാരക ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 4ന് നടക്കുന്ന മൂലൂർ അനു‌സ്‌മരണ സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. എ.എം.എ വർക്കിംഗ് പ്രസിഡന്റ് ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷനാകും. മുല്ലക്കര രത്നാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, എ.എം.എ പ്രസിഡന്റ് ഡോ. സുധാകരൻ, സെക്രട്ടറി വി. ലൈജു, സുമേഷ് കൃഷ്‌ണൻ, ഡോ.ബി. ഭുവനേന്ദ്രൻ, സഹൃദയൻ തമ്പി, ഡി. ശ്രീകൃഷ്‌ണൻ തുടങ്ങിയവർ സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി രാവിലെ 10ന് നടക്കുന്ന ' മൂലൂർ കവിയും കർമ്മയോഗിയും' സെമിനാറിൽ എ.എം.എ ട്രഷറർ ഡോ.ബി. ഭുവനേന്ദ്രൻ, ഗവേണിംഗ് ബോഡി അംഗം വി.എ. വിജയ, മൂലൂർ ഫൗണ്ടേഷൻ സെക്രട്ടറി വി. ദത്തൻ എന്നിവർ പ്രബന്ധാവതരണം നടത്തും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. സഹൃദയൻ തമ്പി അദ്ധ്യക്ഷനാകും. സെമിനാറിൽ ശിവഗിരി ശ്രീനാരായണ കോളേജിലെ മലയാള വിഭാഗം വിദ്യാർത്ഥികളും നെടുങ്ങണ്ട എസ്.എൻ ട്രെയിനിംഗ് കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും. ഉണ്ണി ആറ്റിങ്ങൽ സ്വാഗതവും സി.വി. സുരേന്ദ്രൻ നന്ദിയും പറയും. ഉച്ചയ്ക്ക് 2.30 മുതൽ നടക്കുന്ന ' മൂലൂർ അനുസ്‌മരണ കവിയരങ്ങിൽ ' സദാശിവൻ പൂവത്തൂർ, ദേശാഭിമാനി ഗോപി, വിശ്വംഭരൻ രാജസൂയം, ഷിബി നിലാമുറ്റം, കായിക്കര അശോകൻ, എ.വി. ബാഹുലേയൻ, നീലി മോഹൻദാസ്, മഹേശ്വരി എന്നിവർ പങ്കെടുക്കും. വെൺമതി ശ്യാമളൻ അദ്ധ്യക്ഷനാകും. രാമചന്ദ്രൻ കരവാരം സ്വാഗതവും ശ്യാമാ പ്രകാശ് നന്ദിയും പറയും.