dog-squad

തിരുവനന്തപുരം: പൊലീസ് ശ്വാനസേനയിലേക്ക് 20 നായ്ക്കുട്ടികൾ കൂടി എത്തുന്നു. ശ്വാനസേനയിലേക്ക് പുതിയ അംഗങ്ങളെ സ്വീകരിക്കുന്ന ചടങ്ങ് ഇന്നു രാവിലെ 9 ന് പൊലീസ് ആസ്ഥാനത്ത് നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥി ആയിരിക്കും. സേവനകാലാവധി പൂർത്തിയാക്കിയ 12 നായ്ക്കൾക്ക് യാത്രയയപ്പും നൽകും.ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ഇനങ്ങളിൽ നിന്നായി 20 നായ്ക്കുട്ടികളെക്കൂടി എത്തിക്കുന്നത്. ബെൽജിയം മലിനോയ്സ്, ബീഗിൾ, ചിപ്പിപ്പാറൈ, കന്നി ഇനങ്ങളിലെ നായ്ക്കുട്ടികളാണ് കെ 9 സ്‌ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസംഘത്തിൽ ചേരുന്നത്. ഇവയിൽ മൂന്നെണ്ണം പൊതുജനങ്ങളിൽ നിന്ന് ലഭിച്ചതാണ്.രക്ഷാപ്രവർത്തനത്തിനും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുമായി ട്രാക്കർ, സ്നിഫർ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നൽകുക. മയക്കുമരുന്നുകളും സ്‌ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിനും കാണാതായ ആൾക്കാരെ കണ്ടെത്തുന്നതിനും ഇവയ്ക്ക് പരിശീലനം നൽകും. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കാനും പൊലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കാനും പ്രത്യേക പരിശീലവും നൽകും.

സേവന കാലാവധി പൂർത്തിയാക്കുന്ന 12 നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായി തൃശൂരിലെ കേരളാ പൊലീസ് അക്കാഡമിയിൽ വിശ്രാന്തി എന്ന പേരിൽ റിട്ടയർമെന്റ് ഹോം ഒരുക്കിയിട്ടുണ്ട്. ഡി.ജി.പി ലോക്നാഥ് ബെഹ്‌റയുടെ താത്പര്യപ്രകാരം നിർമ്മിച്ച റിട്ടയർമെന്റ് ഹോമിൽ നായ്ക്കൾക്ക് കളിക്കാനായി പ്രത്യേക മുറി ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.