electric-post

വർക്കല: ഗതാഗത തടസമുണ്ടാകുന്ന നിലയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ടവർ നിറവേറ്റുന്നില്ല. മണമ്പൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ശങ്കരൻമുക്ക് കാരൂർകോണം റോഡിലാണ് നമ്പരിടാത്ത ഇലക്ട്രിക് പോസ്റ്റ് വഴിമുടക്കിയായത്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും മാത്രമേ ഇതുവഴി ഇപ്പോൾ കടന്നു പോകാനാവൂ. വലിയ വാഹനങ്ങൾക്ക് ഇതുവഴി പോകാനാകില്ല. പോസ്റ്റ് റോഡിന്റെ സൈഡിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വളരെക്കാലമായി നാട്ടുകാർ ആവശ്യപ്പെടുന്നു. അതോടൊപ്പം ശങ്കരൻമുക്ക്, കാരൂർക്കോണം, കുന്നുവിള, കീഴൂട്ട്കാവ്, ആണ്ടവിളാകം, മഠവിളാകം തുടങ്ങിയ പ്രദേശങ്ങളിൽ പൊതു ടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതർ അവഗണിക്കുകയാണ്.

ഇലഞ്ഞിവനക്കോണം കുളം മുതൽ ആണ്ടവിളാകം ജംഗ്ഷൻ വരെയുള്ള ചെറിയ തോടിന്റെ ഇരുകരകളും സൈഡ് വാൾകെട്ടി സ്ലാബിട്ട് ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.