തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽ.ഡി.എഫ് സർക്കാരും പ്രതിപക്ഷവും സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിൽ ഇന്ന് രാവിലെ 10 മുതൽ നടത്തുന്ന ധർണ വിജയിപ്പിക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നിലപാടിൽ യോഗം പ്രതിഷേധിച്ചു. ജില്ലാ ചെയർമാൻ ഫാ. യൂജിൻ പെരേരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വള്ളക്കടവ് നസീർ, ആലംകോട് സുരേന്ദ്രൻ, എം.പി. റസൽ, അഡ്വ.ആർ. രാജ്കുമാർ, ഡോ. കവിതാശ്രീനിവാസ്, ആർ. ജയറാം, നെയ്യാറ്റിൻകര സത്യശീലൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന ധർണയ്ക്ക് അഭിവാദ്യം അർപ്പിച്ച് നവോത്ഥാനമൂല്യ സംരക്ഷണ സമിതി പ്രവർത്തകർ പ്രകടനം നടത്തും. ധർണയിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകർ രാവിലെ 10.30ന് പ്രസ് ക്ളബിന് സമീപം എത്തിച്ചേരണമെന്ന് ജില്ലാ കൺവീനർ ആലുവിള അജിത്ത് അറിയിച്ചു.