തിരുവനന്തപുരം: അരുവിക്കരയിലെ ജലശുചീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണികൾമൂലം കുടിവെള്ളം തടസപ്പെട്ട കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നഗരസഭ വഴി ഒരുലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്തതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിച്ച കൺട്രോൾ റൂമിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കണ്ടെത്താനായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000 ലിറ്റർ വീതം ശേഷിയുള്ള 21 വാട്ടർ ടാങ്കറുകൾ ക്രമീകരിച്ച് അതിലേക്ക് ജലം നിറച്ചാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.
വിവിധ സർക്കാർ ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, റസിഡൻഷ്യൽ കോളനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം വെള്ളമെത്തിച്ചു.
നഗരസഭ ഹെൽത്ത് സൂപ്പർവൈസർമാരായ അജിത് കുമാർ, പ്രകാശ്, ഉണ്ണി, ഹെൽത്ത് ഇൻസ്‌പെക്ടർ അജിത് എന്നിവരാണ് കൺട്രോൾ റൂമിന് നേതൃത്വം നൽകിയത്. 15 ലധികം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ് വിവിധ ഷിഫ്റ്റുകളിലായി ഈ കൺട്രോൾ റൂമിൽ പ്രവർത്തിച്ചിരുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ക്രിയാത്മകമായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും നിർദ്ദേശങ്ങൾ പാലിച്ച ജനങ്ങളെയും മേയർ അഭിനന്ദിച്ചു.