photo

നെടുമങ്ങാട്: ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് അർബുദ രോഗികൾക്കായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആരംഭിച്ച കാൻസർ കെയർ യൂണിറ്റിന് മൂന്നാം മാസം അകാലമൃത്യു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി അനുസരിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ സഹായത്തോടെ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങിയ ''ഡേ കെയർ കീമോ തെറാപ്പി യൂണിറ്റ്'' ആണ് തുടക്കത്തിലേ പാളിയത്. പരിശീലനം ലഭിച്ച അസിസ്റ്റന്റ് സർജന്റെ നിയമനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ അലംഭാവമാണ് യൂണിറ്റ് പ്രവർത്തനം അവതാളത്തിലാക്കിയത്. ബന്ധപ്പെട്ടവർ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 20 ലക്ഷത്തോളം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്താണ് കാൻസർ കെയർ യൂണിറ്റ് സജ്ജമാക്കിയത്. മാരക രോഗത്തിനടിപ്പെട്ട് വലയുന്ന നൂറുകണക്കിന് രോഗികൾക്ക് ഏറെ ആശ്വാസകരമായിരുന്നു നടപടി. ഏഴു മാസമായി യൂണിറ്റ് നിശ്ചലമാണ്. രോഗ പരിശോധനയും പ്രാഥമിക ചികിത്സയും പ്രതീക്ഷിച്ച് മലയോരങ്ങളിൽ നിന്ന് ജില്ലാ ആശുപത്രിയിൽ എത്തുന്നവർ ആർ.സി.സിയിലേക്ക് പോകേണ്ട അവസ്ഥയാണ്. രണ്ട്‌ അസിസ്റ്റന്റ് സർജന്മാരുടെ തസ്തികയുള്ള ആശുപത്രിയിൽ പരിശീലനം സിദ്ധിച്ച വനിതാ ഡോക്ടർ സ്ഥലം മാറിപ്പോയതാണ് തിരിച്ചടിയായത്. പകരം നിയമനം നടന്നിട്ടില്ല. 15 പേർക്ക് പോയ വർഷം ആർ.സി.സി കാൻസർ കെയർ ട്രെയിനിംഗ് നല്കിയിരുന്നു. ഇതിൽ മൂന്ന് പേർ മാത്രമാണ് തലസ്ഥാനത്തെ ആശുപത്രികളിൽ നിന്നുള്ളത്. ഇവരിലൊരാളാണ് പൂവാർ ആശുപത്രിയിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ട ലേഡി അസി.സർജൻ. ഇവരെ വർക്കിംഗ് അറേജ്‌മെന്റിന്റെ ഭാഗമായി നെടുമങ്ങാട് നിലനിറുത്തമായിരുന്നിട്ടും മെഡിക്കൽ ഓഫീസ് ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്.