തിരുവനന്തപുരം: നവീകരണ ജോലികൾ പൂർത്തിയാക്കി ഒരു ദിവസം പിന്നിടുമ്പോൾ അരുവിക്കരയിലെ പമ്പുകളിലൊരെണ്ണം അപ്രതീക്ഷിതമായി കേടായി. ഇതോടെ നഗരം വീണ്ടും കുടിവെള്ള ക്ഷാമം നേരിടും. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് 86 എം.എൽ.ഡി പ്ളാന്റിലെ തുല്യശേഷിയുള്ള രണ്ട് പമ്പുകളിലൊരെണ്ണത്തിന്റെ ഷാഫ്റ്റ് ഒടിഞ്ഞ് പ്രവർത്തനം നിലച്ചത്. ഇതോടെ നഗരത്തിലേക്കുള്ള ജലവിതരണം 43 എം.എൽ.ഡിയായി കുറഞ്ഞു. 86 എൽ.എൽ.ഡി പ്ലാന്റിൽ ആകെ നാല് പമ്പുകളാണുള്ളത്. രണ്ടെണ്ണം പ്രവർത്തിക്കുമ്പോൾ മറ്റു രണ്ടെണ്ണം കരുതലായാണ് ഉപയോഗിച്ചിരുന്നത്. കാലപ്പഴക്കമുള്ളതും ക്ഷമത കുറഞ്ഞതുമായ ഈ നാല് പമ്പുകളും മാറ്റി പകരം രണ്ട് അത്യാധുനിക പമ്പുകൾ സ്ഥാപിക്കുന്നതിനാണ് വെള്ളി, ശനി ദിവസങ്ങളിലായി നവീകരണ ജോലികൾ തുടങ്ങിയത്. അസംസ്‌കൃത ജലവിഭാഗത്തിലെ രണ്ട് പമ്പുകൾ നവീകരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റിയതിനാൽ പകരം ഉപയോഗിക്കാവുന്ന രണ്ട് പമ്പുകൾ ഉപയോഗിച്ചാണ് പമ്പിംഗ് നടത്തിയിരുന്നത്. ഇതിലൊരെണ്ണത്തിന്റെഷാഫ്റ്റാണ് ഉച്ചയ്ക്ക് വൻ ശബ്ദത്തോടെ ഒടിഞ്ഞുമാറിയത്. കരുതലായി ഉപയോഗിക്കുന്ന രണ്ട് പമ്പുകൾ തുടർച്ചയായി ഒന്നര മാസം പ്രവർത്തിപ്പിക്കാനും ഈ സമയത്തിനുള്ളിൽ പുതിയ പമ്പുകൾ സ്ഥാപിക്കാനുമാണ് ജലഅതോറിട്ടി ലക്ഷ്യമിട്ടിരുന്നത്. ആകെയുള്ള ഈ രണ്ട് പമ്പുകളിലൊന്നാണ് ഇന്നലെ പണിമുടക്കിയത്. പമ്പിന്റെ ഷാഫ്റ്റ് യൂണിറ്റ് പൂർണമായും മാറ്റി പുതിയത് സ്ഥാപിക്കാനാണ് നീക്കം.
കുടിവെള്ള ഭീഷണി ഇവിടെ
കവടിയാർ പേരൂർക്കട പൈപ്പിൻമൂട് ശാസ്തമംഗലം കൊച്ചാർ റോഡ് ഇടപ്പഴഞ്ഞി കനകനഗർ വെള്ളയമ്പലം
മരപ്പാലം പട്ടം മെഡിക്കൽ കോളജ് ആർ.സി.സി ശ്രീചിത്ര കുമാരപുരം ഉള്ളൂർ പ്രശാന്ത് നഗർ ആക്കുളം
ചെറുവയ്ക്കൽ പോങ്ങുംമൂട് ശ്രീകാര്യം ചെമ്പഴന്തി കരിയം പാറോട്ടുകോണം നാലാഞ്ചിറ മണ്ണന്തല
കേശവദാസപുരം പരുത്തിപ്പാറ മുട്ടട അമ്പലമുക്ക് വഴയില കുടപ്പനക്കുന്ന് ജവഹർനഗർ നന്തൻകോട് ദേവസ്വം ബോർഡ് പൗഡിക്കോണം കഴക്കൂട്ടം കാര്യവട്ടം ടെകനാപാർക്ക് മൺവിള കുളത്തൂർ പള്ളിപ്പുറം സി.ആർ.പി.എഫ് എന്നീ മേഖലകൾ കുടിവെള്ളക്ഷാമ ഭീതിയിലായി.
ടാങ്കറുകൾക്ക് ആര് പണം നൽകും?
വാട്ടർ അതോറിട്ടി ജലവിതരണത്തിനായി വാടകയ്ക്കെടുത്ത ടാങ്കറുകൾക്കുള്ള തുക ആര് നൽകുമെന്നതിനെ ചൊല്ലി ആശയക്കുഴപ്പം. വാട്ടർ അതോറിട്ടിയാണോ, കോർപ്പറേഷനാണോ, ജില്ലാഭരണകൂടമാണോ നൽകേണ്ടതെന്നതിലാണ് വ്യക്തതയില്ലാത്തത്. വാട്ടർ അതോറിട്ടി നൽകണമെന്നാണ് കോർപ്പറേഷന്റെയും ജില്ലാഭരണകൂടത്തിന്റെയും നിലപാട്. വാട്ടർ അതോറിട്ടി നൽകിയാൽ തന്നെ അത് ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിലും വ്യക്തതയില്ല. പ്ളാന്റ് നവീകരണ ഫണ്ടിൽ നിന്ന് ഈ തുക നൽകണമെന്ന നിർദ്ദേശമാണ് ഉയർന്നിരിക്കുന്നത്. അതിനാൽ അടിയന്തരസാഹചര്യങ്ങളിൽ ഉടൻ പണം നൽകാനുള്ള സ്ഥിരം സംവിധാനം വേണമെന്ന് എൻജിനിയർമാർ പറയുന്നു. വ്യാഴാഴ്ച മുതൽ ഇന്നലെ വൈകിട്ട് വരെ 273 ടാങ്കറുകളിലാണ് കുടിവെള്ളം വിതരണം ചെയ്തത്. നോർത്തിലേക്ക് മാത്രം 220 ട്രിപ്പുകൾ നടത്തി.
ഇന്നലെ അയച്ച ടാങ്കറുകളുടെ കണക്ക്
സംഭരണശേഷി (ലിറ്ററിൽ) ലോഡ്
1)20,000 ....11
2)18,000 ....3
3)10,000.... 7
4)8500 ..... 6
5)7000 ..... 7
6)2000...... 2
(ലിറ്റർ) നിരക്ക്.
2000 ലിറ്റർ (ഒരു ലോഡ് ) 800 രൂപ
10,000 ലിറ്ററിന്.... 2000
15,000 ലിറ്ററിന്.... 2500,
5000 ലിറ്ററിന്...... 1500
കുടിവെള്ളം മുട്ടുമെന്ന ഭീതി വേണ്ട.എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്- എക്‌സിക്യുട്ടീവ് എൻജിനിയർ, അരുവിക്കര