milmaaa

തിരുവനന്തപുരം: മലബാർ റീജിയണൽ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് രണ്ടര വർഷം മുൻപ് നടത്തിയ എഴുത്തു പരീക്ഷയുടെ ഫലപ്രഖ്യാപനം അനന്തമായി നീളുന്നു. ഒഴിവുകളുടെ എണ്ണവും കണക്കാക്കപ്പെട്ടിട്ടില്ല. 2016ൽ വിജ്ഞാപനം ചെയ്ത് 2017 ഏപ്രിൽ 22ന് നടത്തിയ പരീക്ഷയാണ്. 500 രൂപയായിരുന്നു അപേക്ഷാഫീസ്.
സർക്കാർ ഏജൻസിയായ കിറ്റ്‌കോ മൂല്യ നിർണയം നടത്തി യൂണിയന് റിസൾട്ട് ഉടൻ കൈമാറിയതാണ്. എന്നാൽ, ഇന്റർവ്യൂ നടത്താതെ ഫലപ്രഖ്യാപനം നീട്ടുകയാണ്. ഇതേ തസ്തികയിലേക്ക് 2014ലും വിജ്ഞാപനം ചെയ്തെങ്കിലും അന്ന് പരീക്ഷപോലും നടത്തിയിരുന്നില്ല.

റിക്രൂട്ട്മെന്റ് ബോർഡ്

മിൽമയ്ക്ക് മൂന്ന് മേഖലാ യൂണിയനുകളാണുള്ളത്. യൂണിയനുകൾ സ്വന്തമായി നടത്തിവന്ന പരീക്ഷാ രീതി സർക്കാർ ഒന്നര വർഷം മുൻപ് നിറുത്തലാക്കുകയും സംയുക്ത റിക്രൂട്ട്മെന്റിന് ക്ഷീരവികസനവകുപ്പ് സെക്രട്ടറി ചെയർമാനായി എട്ടംഗ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇനി നിയമനങ്ങൾ നടത്തേണ്ടത് ഈ ബോർഡാണെന്നാണ് വിശദീകരണം. മലബാർ യൂണിയൻ നടത്തിയ പരീക്ഷ ഇതുവരെ ബോർഡ് റദ്ദാക്കിയിട്ടുമില്ല.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ ക്ഷീരോത്പാദക സംഘങ്ങളുടെ കേന്ദ്രസ്ഥാപനമാണ് മലബാർ റീജിയണൽ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ.

പരീക്ഷയ്ക്ക് അപേക്ഷിച്ചവർ -5966

പരീക്ഷ എഴുതിയവർ -3248

'സ്ഥാപനം ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായതിനാലാണ് നിയമന നടപടികൾ നീളുന്നത്".

കെ.എം. വിജയകുമാർ,​
മാനേജിംഗ് ഡയറക്ടർ,​
മിൽമ മലബാർ യൂണിയൻ