തിരുവനന്തപുരം: വട്ടിയൂർക്കാവിന്റെ വികസനപ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും അടിയന്തരമായി പൂർത്തിയാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി വികസനസെമിനാർ സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10ന് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ നടക്കുന്ന ഏകദിന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കെടുത്ത് നിർദ്ദേശം പങ്കുവയ്ക്കാം. ഹ്രസ്വ, ദീർഘകാല വികസന അജൻഡയാണ് സെമിനാറിലൂടെ തയ്യാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ തുടർപ്രവർത്തനങ്ങൾ നിശ്ചയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു.