തിരുവനന്തപുരം: പ്രളയപ്പേടിയിൽ വൈദ്യുതി ബോർഡ് ജലസംഭരണികൾ ജാഗ്രതയോടെ കൈകാര്യം ചെയ്തതോടെ ഇത്തവണ സംസ്ഥാനത്തെ സംഭരണികളെല്ലാം നിറഞ്ഞു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഡാമുകളിൽ 80 ശതമാനത്തിലധികം വെള്ളമുണ്ട്. ഇത് ഉയോഗിച്ച് കുറഞ്ഞത് 3231 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇപ്പോഴത്തെ ഉത്പാദനതോത് അനുസരിച്ച് അടുത്ത എട്ടു മാസം തടസമില്ലാതെ ജലവൈദ്യുതി ഉത്പാദിപ്പിക്കാം. ഇത് സർവകാല റെക്കോഡാണ്.
കഴിഞ്ഞ വർഷം പ്രളയത്തിൽ നദികളും അണക്കെട്ടുകളും നിറഞ്ഞൊഴുകിയപ്പോൾ പോലും ഇത്രയും ജലം സംഭരിക്കാനായിരുന്നില്ല. അന്ന് കാലവർഷം പ്രളയമായി പെയ്തതിനു ശേഷം വന്ന തുലാവർഷം ദുർബലമായതാണ് വൈദ്യുതി ബോർഡിനെ ചതിച്ചത്. അതേസമയം ഇൗ വർഷം കാലവർഷവും തുലാവർഷവും ശരാശരിയിലുമേറെ പെയ്തത് അനുഗ്രഹമായി.
കൂടംകുളം - ഇടമൺ ട്രാൻസ്മിഷൻ പവർ കോറിഡോർ കൂടി കമ്മിഷൻ ചെയ്തതോടെ സംസ്ഥാനത്തെ വൈദ്യുതി നില സുരക്ഷിതമായി. ജലവൈദ്യുതി ഉത്പാദനം കൂടുതൽ മെച്ചപ്പെടുത്താൻ ഇടുക്കിയിൽ പുതിയ ജനറേറ്റർ യൂണിറ്റ് സ്ഥാപിക്കാനും സൗരോർജ്ജ ഉത്പാദനം കൂട്ടാനും നടപടിയെടുത്തിട്ടുണ്ട്.
സർചാർജ് കൂട്ടിയേക്കും
വൈദ്യുതി ഉത്പാദനം ഭദ്രമാണെങ്കിലും ഇൗ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ കൂടിയനിരക്കിൽ വൈദ്യുതി വാങ്ങിയതിന്റെ പേരിൽ പുതുവർഷം മുതൽ യൂണിറ്റിന് 13 പൈസ സർചാർജ് പിരിക്കണമെന്നും, പിന്നാലെ തുടർന്നുള്ള മൂന്നു മാസത്തെ അധികച്ചെലവ് നേരിടാൻ യൂണിറ്റിന് 10 പൈസ കൂടി സർചാർജ് പിരിക്കണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് സംസ്ഥാന റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ പുതുവർഷം മുതൽ യൂണിറ്റിന് 13 പൈസ നിരക്കിൽ കൂടുതൽ വൈദ്യുതി ചാർജ്നൽകേണ്ടിവരും.ഇത്തരത്തിൽ 132 കോടിരൂപ സമാഹരിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.
ജലവൈദ്യുതി ഉത്പാദനലഭ്യത
(ദശലക്ഷം യൂണിറ്റിൽ)
2019 ൽ -3231.48
2018 ൽ -3077.27
2017 ൽ -3072.80
2016 ൽ -2029.61
2015 ൽ -2126.45
പ്രധാന അണക്കെട്ടുകളിലെ ജലം
(ശതമാനക്കണക്കിൽ)
ഇടുക്കി -76
ഷോളയാർ - 93
ഇടമലയാർ - 77
കണ്ടല - 97
മാട്ടുപ്പെട്ടി - 92