mahesh-prathi

തിരുവനന്തപുരം : ബേക്കറി സാധനങ്ങൾ തയ്യാറാക്കി വിൽക്കുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് ശ്രീചിത്ര നഗറിൽ ടി.സി 35 / 823 ൽ മഹേഷ്‌കുമാറിനെയാണ് (36 ) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കറി സാധനങ്ങൾ തയ്യാറാക്കി വിൽക്കുന്നവരിൽ നിന്നും ഇവ വാങ്ങി കഴിച്ച പ്രതിയുടെ മകൻ ആശുപത്രിയിലായെന്നും ചികിത്സയ്ക്ക് പണം നൽകണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് . ബേക്കറി സാധനങ്ങൾ തയ്യാറാക്കി വിൽപന നടത്തുന്നവരുടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു പതിവ്. പണം തന്നില്ലെങ്കിൽ പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയിരുന്നത്. ഇങ്ങനെ പല കച്ചവടക്കാരിൽ നിന്നായി പതിനായിരക്കണക്കിന് രൂപയാണ് ഇയാൾ കബളിപ്പിച്ചെടുത്തിരുന്നത്. ഇയാൾക്കെതിരെ ലഭിച്ച പരാതിയെതുടർന്നാണ് തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടർ അജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‍തത്. സബ് ഇൻസ്‌പെക്ടർമാരായ ജിജുകുമാർ,അരുൺ രവി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ റിമാൻഡ് ചെയ്‌തു .