നെയ്യാറ്റിൻകര : 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറത്തേക്കുള്ള തീർത്ഥാടകരെ വരവേൽക്കാൻ അരുവിപ്പുറം മഠത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. ഒരുക്കങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അരുവിപ്പുറത്ത് വിവിധ വകുപ്പുകളുടെ ആലോചനാ യോഗം നടന്നു. തീർത്ഥാടന ദിവസങ്ങളിൽ അരുവിപ്പുറത്തും പരിസരത്തും വനിത പൊലീസ് ഉൾപ്പെടെ 350 പൊലീസുകാരെ വിന്യസിക്കും. കൂടാതെ പൊലീസ്, എക്‌സൈസ്, റവന്യു എന്നിവയുടെ കൺട്രോൾ റൂമുകളും തുറക്കും. ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകളുടെ സേവനവും അലോപ്പതി, ആയുർവേദ, ഹോമിയോ വകുപ്പുകളുടെ ഡിസ്പെൻസറികളും പ്രവർത്തിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ക്വാഡുകളും അന്നേ ദിവസങ്ങളിലെത്തും. ലൈഫ് ഗാഡുകളും സേവന സന്നദ്ധരായിരിക്കും. ഗ്രീൻ പ്രോട്ടോക്കോൾ ലംഘിക്കാതിരിക്കാൻ ശുചിത്വമിഷൻ അധികൃതരും സന്നിഹിതരായിരിക്കും. ഈ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നടത്തും. ഗതാഗതം സുഗമമാക്കുന്നതിന് വൺവേ സംവിധാനവും ഏർപ്പെടുത്തും. വാട്ടർ അതോറിട്ടിയുടെയും ഇലക്ട്രിസിറ്റി വകുപ്പിന്റെയും സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. ഗുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന കൊടിതൂക്കിമല കുമാരഗിരിയിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. അരുവിപ്പുറവും പരിസരവും സി.സി.ടിവി നിരീക്ഷണത്തിലായിരിക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, നെയ്യാറ്റിൻകര തഹസിൽദാർ മോഹനകുമാർ, തീർത്ഥാടന മീഡിയാ കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, നെയ്യാറ്റിൻകര ഡിവൈ.എസ്.പി. എസ്. അനിൽ കുമാർ എന്നിവർ സംസാരിച്ചു.
സുരക്ഷയ്ക്കായി 350 പൊലീസുകാർ
തീർത്ഥാടനം ഡിസംബർ 30, 31,ജനുവരി 1 തിയതികളിൽ
caption: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി അരുവിപ്പുറം മഠത്തിൽ നടന്ന ആലോചനാ യോഗത്തിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു.