മാഡ്രിഡ് : ഇൗയാഴ്ച റയൽ മാഡ്രിഡിനെതിരായ എൽ ക്ളാസിക്കോ മത്സരം നടക്കാനിരിക്കെ സ്പാനിഷ് ലാ ലിഗയിൽ തിരിച്ചടിയേറ്റ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനോട് 2-2ന് സമനില വഴങ്ങിയ ബാഴ്സലോണ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനത്ത് തുടരുകയാണെങ്കിലും റയൽ മാഡ്രിഡ് ഒന്നാമതേക്ക് തിരിച്ചെത്താനുള്ള സാധ്യതയേറിയിട്ടുണ്ട്.
16 മത്സരങ്ങളിൽനിന്ന് 35 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്. റയലിന് 15 മത്സരങ്ങളിൽനിന്ന് 34 പോയിന്റും. ബുധനാഴ്ച ബാഴ്സലോണയെ നേരിടാൻ ഇറങ്ങുംമുമ്പ് റയലിന് വലൻസിയയ്ക്കെതിരെ മത്സരമുണ്ട്. ഇതിൽ ജയിക്കാൻ കഴിഞ്ഞാൽ റയലിന് ഒന്നാമൻമാരായി എൽ ക്ളാസിക്കോയ്ക്ക് എത്താം.
കഴിഞ്ഞ രാത്രി സോസിഡാഡിന്റെ തട്ടകത്തിൽ ചെന്നാണ് ബാഴ്സ സമനില ഏറ്റുവാങ്ങിയത്. 12-ാം മിനിട്ടിൽ മൈക്കേൽ ഒയാർസബൽ പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെ സോസിഡാഡ് ബാഴ്സയെ ഞെട്ടിച്ചിരുന്നു. എന്നാൽ 38-ാം മിനിട്ടിൽ ഗ്രീസ്‌മാനും 49-ാം മിനിട്ടിൽ ലൂയിസ് സുവാരേസും സ്കോർ ചെയ്തതോടെ ബാഴ്സ മുന്നിലെത്തിയതാണ്. പക്ഷേ 62-ാം മിനിട്ടിൽ അലക്സാണ്ടർ ഐസക്കിന്റെ ഗോൾ ബാഴ്സയെ സമനിലകുരുക്കിൽപ്പെടുത്തി.