kovalam

കോവളം: ലോട്ടറിയെടുത്ത് മണിക്കൂറുകൾക്കുള്ളിൽ കോടീശ്വരനായതിന്റെ സന്തോഷത്തിലാണ് ചൊവ്വര സ്വദേശി ഷാജിയും കുടുംബവും. ശനിയാഴ്ച രാവിലെ ഒൻപതരയ്ക്കാണ്

വണ്ടാഴംനിന്ന വീട്ടിൽ കൃപാസദനത്തിൽ ഷാജി പോക്കറ്റിൽ ആകെയുണ്ടായിരുന്ന 50 രൂപ കൊടുത്ത് ലോട്ടറിയെടുത്തത്. വൈകിട്ട് നാലു മണിയോടെ കോടീശ്വരനാവുകയും ചെയ്തു. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിരൂപയാണ് ഷാജിയെ തേടിയെത്തിയത്. കെ.ഡി​-841039 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ചൊവ്വരയിലെ ടാക്സി ഡ്രൈവറാണ് ഷാജി. 9, 12 എന്നീ നമ്പരുകളുള്ള ലോട്ടറിയാണെങ്കിലും കടം വാങ്ങിയെങ്കിലും ലോട്ടറിയെടുക്കുമെന്ന് ഷാജി പറയുന്നു. ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് 3000 രൂപയ്ക്ക് ലോട്ടറിയെടുത്തപ്പോൾ 600 രൂപ ലഭിച്ചിരുന്നു. ഇതോടെയാണ് തുടർച്ചയായി ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയത്. ശ്രീധരൻ എന്ന ഏജന്റിന്റെ പക്കൽ നിന്ന് ഇന്നലെ രാവിലെ ചൊവ്വര ജംഗ്ഷനിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. വീട്ടിൽ ഭാര്യ അഞ്ജുവിനും അമ്മ ഉഷയ്ക്കും സ്ഥിരമായുള്ള ഭാഗ്യപരീക്ഷണം അത്ര ഇഷ്ടമല്ലായിരുന്നു. ഭാഗ്യം കടാക്ഷിച്ചതിലൂടെ ഷാജിയുടെ മുന്നിൽ തെളിയുന്ന ഏതാനും ആഗ്രഹങ്ങൾ കൂടി പറഞ്ഞു. ''തന്റെ ജീവിതം പച്ച പിടിപ്പിച്ചത് ഭാര്യാ പിതാവ് രാജനാണ്. കൂടാതെ വിട്ടുകാർക്ക് എന്റെ കാലം കഴിഞ്ഞാലും സുഖമായി ജീവിക്കാൻ കഴിയണം''- ഏകമകൻ മൂന്നു വയസുകാരൻ ഡാനിയെയും മടിയിലിരുത്തി സന്തോഷത്തിന്റെ നെടുവീർപ്പോടെ ഷാജി പറഞ്ഞു.