hartal

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ചില മുസ്ലിം സംഘടനകൾ നാളെ നടത്തുമെന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ തള്ളി സി.പി.എം. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തിൽ ചില സംഘടനകൾ മാത്രം പ്രത്യേകമായി ഒരു ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത് വളർന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയിൽപ്പെടുന്നതിന് സമമാണ് ഇതെന്ന് സി.പി.എം സംസ്ഥാന സമിതി പ്രസ്താവനയിൽ പറഞ്ഞു.

ജനങ്ങളുടെ വിപുലമായ യോജിപ്പ് വളർത്താൻ താത്പര്യമുള്ളവർ ഇത്തരത്തിലുള്ള ഒറ്റെപ്പെട്ട നീക്കങ്ങളിൽ നിന്ന് പിന്തിരിയണം. ഏറ്റവും വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തുകൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ. അഖിലേന്ത്യാ തലത്തിൽ അതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.ഡിസംബർ 19​ ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാൻ ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഇന്നു നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്ക്കു തന്നെ മാതൃകയാണെന്നും പ്രസ്താവനയിൽ പറയുന്നു.