മുംബയ് : ജർമ്മനിയിലെ ചാമ്പ്യൻ ക്ളബ് ബയേൺ മ്യൂണിക്കിന് വേണ്ടി ബൂട്ട് കെട്ടി ഇന്ത്യൻ വംശജനായ ഫുട്ബാൾ താരം. കഴിഞ്ഞദിവസം ബർഡർ ബ്രെമനെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയ അറ്റാക്കിംഗ് മിഡ്ഫീൽഡർ സർപ്രീത് സിംഗാണ് ചരിത്രം കുറിച്ചത്. ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ന്യൂസിലൻഡിൽ ജനിച്ച 20 കാരനായ സർപ്രീത് കഴിഞ്ഞവർഷം ഇന്ത്യയിൽ ഇന്റർ കോണ്ടിനെന്റൽ കപ്പ് കളിക്കാനെത്തിയ ന്യൂസിലൻഡ് ടീമിൽ അംഗമായിരുന്നു.
ഒാസീസിന് വമ്പൻ ജയം
പെർത്ത് : ന്യൂസിലൻഡിനെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയയ്ക്ക് 296 റൺസ് ജയം. അവസാന ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 468 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് 171ന് ആൾ ഒൗട്ടായതോടെയാണ് കംഗാരുകൾ വിജയം ആഘോഷിച്ചത്. ആദ്യ ഇന്നിംഗ്സിൽ 416 റൺസടിച്ച ഒാസീസിനെതിരെ കിവീസ് 166ന് ആൾ ഒൗട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 217/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തശേഷമാണ് ആസ്ട്രേലിയ കിവീസിനെ രണ്ടാം ഇന്നിംഗ്സിനിറക്കിയത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ നാലും വിക്കറ്റുകൾ വീഴ്ത്തിയ ഒാസീസ് പേസർ മിച്ചൽ സ്റ്റാർക്കാണ് മാൻ ഒഫ് ദ സിരീസ്.
പാകിസ്ഥാനിൽ സമനില
റാവൽപിണ്ടി : 10 വർഷത്തിനുശേഷം ആതിഥ്യം വഹിച്ച ടെസ്റ്റിൽ മിക്കദിവസവും മഴ കളിച്ചപ്പോൾ പാകിസ്ഥാൻ ശ്രീലങ്കയോട് സമനില വഴങ്ങി. ആദ്യദിവസത്തിനുശേഷം അവസാന ദിവസമായ ഇന്നലെയാണ് കാര്യമായി കളിനടന്നത്. ഇന്നലെ രാവിലെ 308/6 എന്ന സ്കോറിൽ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്തപ്പോൾ പാകിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 252/2 എന്ന നിലയിലെത്തി സമനിലയിൽ പിരിയുകയായിരുന്നു. പാക് താരം ആബിദ് അലി (109 നോട്ടൗട്ട്) ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റ സെഞ്ച്വറി നേടി റെക്കാഡുമിട്ടു.
ലക്ഷ്യയ്ക്ക് കിരീടം
ധാക്ക : ഇന്ത്യൻ താരം ലക്ഷ്യ സെൻ ബംഗ്ളാദേശ് ഇന്റർനാഷണൽ ചലഞ്ചർ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി. ഫൈനലിൽ മലേഷ്യയുടെ ലിയോംഗ് യുൻ ഹാവേയെയാണ് ലക്ഷ്യ കീഴടക്കിയത്. ഇൗ സീസണിലെ ലക്ഷ്യയുടെ അഞ്ചാം കിരീടമാണിത്.