തിരുവനന്തപുരം : പട്ടാപ്പകൽ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ ആൾ ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം അഞ്ചരപവൻ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ഒരുവാതിൽക്കോട്ട നീരാഴിവിളാകത്ത് വീട്ടിൽ കുഞ്ഞുമണിയുടെ ഭാര്യ ഗീത (55) യുടെ മാലയാണ് പൊട്ടിച്ചെടുത്തത്. കഴുത്തിന് മുറിവേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് പ്ലാവിള ജംഗ്‌ഷന് സമീപത്തെ വളവിലായിരുന്നു സംഭവം. പേട്ടയിൽ പൂക്കട നടത്തുന്ന ഭർത്താവിന് ഊണ് കൊടുക്കാൻ പോയതായിരുന്നു വീട്ടമ്മ. ബസുകയറാൻ കാത്തുനിൽക്കുമ്പോൾ ടി ഷർട്ടും ഹെൽമെറ്റും ധരിച്ച് ബൈക്കിലെത്തിയ യുവാവ് അവിടെ ചുറ്റിക്കറങ്ങിയിരുന്നുത്രേ. അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും അയാൾ അവിടെ ഉണ്ടായിരുന്നു. വീട്ടിലേക്കുള്ള ഇടവഴിയിൽ പ്രവേശിക്കവെ പിന്നാലെവന്ന് കഴുത്തിൽ മുറിവേൽപ്പിച്ച ശേഷം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. നിലവിളിച്ചെങ്കിലും ആളുകൾ എത്തുന്നതിനുമുൻപേ ഇയാൾ രക്ഷപ്പെട്ടിരുന്നു. പരാതിയെതുടർന്ന് പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.