മുംബയ് : വർഷങ്ങൾക്കുമുമ്പ് തന്റെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയ ഒരു ഉപദേശം നൽകിയ ഹോട്ടൽ വെയ്റ്ററെ ഒന്നുകൂടി കാണാൻ ആഗ്രഹമുണ്ടെന്നറിയിച്ച് സച്ചിൻ ടെൻഡുൽക്കറുടെ ട്വിറ്റർ സന്ദേശം. അദ്ദേഹത്തെ കണ്ടെത്തിയ ഹോട്ടൽ മാനേജ്മെന്റ് ഉടൻ കൂടിക്കാഴ്ചയൊരുക്കാമെന്നും അറിയിച്ചു.സച്ചിനും തങ്ങളുടെ ജീവനക്കാരനും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ടാജ് കോറമാൻഡൽ ഹോട്ടൽ പങ്കുവച്ചു.
ചെന്നൈയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ തന്റെ എൽബോ ഗാർഡിനെപ്പറ്റി ഉപദേശം നൽകിയ ടാജ് കോറമാൻഡൽ ഹോട്ടൽ ജീവനക്കാരനെയാണ് സച്ചിൻ തേടിയത്. സച്ചിന് ചായ നൽകാനെത്തിയ വെയ്റ്റർ താരത്തിന്റെ എൽബോ ഗാർഡിന്റെ ഡിസൈൻ ബാറ്റിംഗിനെ പ്രതികൂലമായി ബാധിക്കുന്നതായി സൂചിപ്പിക്കുകയായിരുന്നു. കടുത്ത സച്ചിൻ ആരാധകനായ അദ്ദേഹം താരത്തിന്റെ ഒാരോ ഷോട്ടും അഞ്ചും ആറും തവണ സൂക്ഷ്മമായി നിരീക്ഷിച്ചശേഷമാണ് ഇൗ ഉപദേശം നൽകിയത്. സച്ചിനോട് മറ്റാരും ഇക്കാര്യം പറഞ്ഞിട്ടില്ലായിരുന്നു. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസിലാക്കിയ സച്ചിൻ അന്ന് കളി കഴിഞ്ഞ് വന്നയുടൻ ഉപദേശമനുസരിച്ച് എൽബോ ഗാർഡ് റീ ഡിസൈൻ ചെയ്തു. അത് ബാറ്റിംഗിനെ സഹായിക്കുകയും ചെയ്തു.