ആദ്യ ഏകദിനത്തിൽ ഇന്ത്യയെ
എട്ടുവിക്കറ്റിന് വീഴ്ത്തി വിൻഡീസ്
ചെന്നൈ : ട്വന്റി-20 പരമ്പര നേടിയതിന് തൊട്ടുപിന്നാലെ വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് തോൽവി. ഇന്നലെ ചെന്നൈയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 287/8 എന്ന സ്കോർ ഉയർത്തിയ ഇന്ത്യയെ എട്ടുവിക്കറ്റുകളും 13 പന്തുകളും ബാക്കിനിൽക്കേയാണ് വിൻഡീസ് വീഴ്ത്തിയത്.സെഞ്ച്വറികൾ നേടിയ ഷിമ്രോൺ ഹെട്മേയറുടെയും (139) ഷായ് ഹോപ്പിന്റെയും (102*) അതിഗംഭീര ബാറ്റിംഗാണ് വിൻഡീസിന് വിജയം നൽകിയത്.
ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യയ്ക്ക് ലോകേഷ് രാഹുൽ (6), വിരാട് കൊഹ്‌ലി (4) എന്നിവരെ വേഗത്തിൽ നഷ്ടമായപ്പോൾ രോഹിത് ശർമ്മ (36), ഋഷഭ് പന്ത് (71), ശ്രേയസ് അയ്യർ (70), കേദാർ യാദവ് (40), രവീന്ദ്ര ജഡേജ (21) എന്നിവരുടെ ബാറ്റിംഗാണ് 288 റൺസ് ലക്ഷ്യമൊരുക്കാൻ സഹായകമായത്.
വിൻഡീസ് ബൗളർമാരെ ആദ്യ അഞ്ചോവറിൽ നേരിടാൻ ബുദ്ധിമുട്ടിയ രോഹിതും രാഹുലും പിരിഞ്ഞത് ഏഴാം ഒാവറിൽ ടീം സ്കോർ 21 ൽ എത്തിയപ്പോഴാണ്. കോട്ടറെല്ലിന്റെ പന്തിൽ ഹെട്‌മേയർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു അവസാന ട്വന്റി 20 യിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്ന രാഹുൽ. പകരമിറങ്ങിയ കൊഹ്‌ലി (4)വന്നവരവിൽ ബൗണ്ടറിയടിച്ചെങ്കിലും വൈകാതെ ബൗൾഡായത് ഇന്ത്യയ്ക്ക് ആഘാതമായി. ഇതോടെ ഇന്ത്യ ഏഴോവറിൽ 25/2 എന്ന നിലയിലായി.
തുടർന്ന് ക്രീസിലേക്കിറങ്ങിയ ശ്രേയസ് അയ്യർ പക്വതയോടെ കളിച്ചപ്പോൾ രോഹിതിലും ആത്മവിശ്വാസം തിരികെ വന്നു. ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 56 പന്തുകൾ നേരിട്ട് ആറ് ബൗണ്ടറികൾ പായിച്ച രോഹിതിനെ അൽസാരി ജോസഫ് പൊള്ളാഡിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 80/3 (18.1 ഒാവർ) എന്ന നിലയിലായി.
തുടർന്നാണ് ശ്രേയസും ഋഷഭും ചേർന്ന് ഇന്നിംഗസിന്റെ നട്ടെല്ലായി മാറിയ കൂട്ടുകെട്ട് സൃഷ്ടിച്ചത്. 19-ാം ഒാവറിൽ ക്രീസിലൊരുമിച്ച ഇരുവരും 37-ാം ഒാവർവരെ തുടർന്ന് 114 റൺസിന്റെ പാർട്ടണർ ഷിപ്പാണ് സൃഷ്ടിച്ചത്. ഏറെ നാളായി ബാറ്റിംഗിൽ ഫോം കണ്ടെത്താനാകാതെ വിഷമിച്ച ഋഷഭ് ഇന്നലെ ക്ഷമയോടെ താളം കണ്ടെത്തുകയും തുടർന്ന സ്വതസിദ്ധമായ ഷോട്ടുകൾ കളിക്കുകയുമായിരുന്നു. ആദ്യം അർദ്ധ സെഞ്ച്വറിയിലെത്തിയത് ശ്രേയസാണ്. 70 പന്തുകളാണ് ശ്രേയസിന് ഇതിനുവേണ്ടി വന്നത്. പിന്നാലെ നേരിട്ട 49-ാമത്തെ പന്തിൽ ഋഷഭ് അർദ്ധ സെഞ്ച്വറിയിലെത്തി. ഋഷഭിന്റെ ഏക ദിനത്തിലെ ആദ്യ അർദ്ധ സെഞ്ച്വറിയായിരുന്നു ഇത്.
ഇരുവരും ചേർന്ന ഇന്ത്യയെ വമ്പൻ സ്കോറിലെത്തിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അർദ്ധ സെഞ്ച്വറി കഴിഞ്ഞയുടൻ ഒരു ക്യാച്ചിൽനിന്ന് ഋഷഭ് രക്ഷപ്പെട്ടിരുന്നു.
37-ാം ഒാവറിൽ ശ്രേയസിനെ പൊള്ളാഡിന്റെ കൈയിലെത്തിച്ച് അൽസാരി ജോസഫാണ് സഖ്യം പൊളിച്ചത്. 88 പന്തുകൾ നേരിട്ട ശ്രേയസ് അഞ്ചു ഫോറും ഒരു സിക്സും പറത്തിയിരുന്നു. 40-ാം ഒാവറിൽ ഋഷഭിനെയും നഷ്ടമായി. 69 പന്തുകളിൽ ഏഴു ഫോറും ഒരു സിക്സും പറത്തിയ ഋഷഭിനെ പൊള്ളാഡ് ഹെട്‌മേയറുടെ കൈയിലെത്തിച്ചതോടെ ഇന്ത്യ 210/5 എന്ന നിലയിലായി.
തുടർന്ന കേദാർ യാദവും രവീന്ദ്ര ജഡേജയും ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു. 48-ാംഒാവറിൽ ടീം സ്കോർ 269 ലെത്തിയപ്പോൾ കേദാറും മടങ്ങി. കീമോ പോളിന്റെ പന്തിൽ പൊള്ളാഡിനായിരുന്നു ക്യാച്ച്. അടുത്ത ഒാവറിൽ ജഡേജ റൺ ഒൗട്ടായി. ശിവം ദുബെ (9) അവസാന ഒാവറിൽ കീമോ പോളിന് ഇരയായി.
വിൻഡീസിന് വേണ്ടി കോട്ടെറെൽ, കീമോപോൾ, അൽസാരി ജോസഫ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ പൊള്ളാഡിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ വിൻഡീസിന്റെ ഒാപ്പണർ സുനിൽ ആംബ്രിസിനെ (9) അഞ്ചാം ഒാവറിൽതന്നെ ദീപക് ചഹർ എൽ.ബിയിൽ കുരുക്കിമടക്കിയെങ്കിലും ക്രീസിലൊരുമിച്ച ഹെട്മേയറും ഷായ് ഹോപ്പും ചേർന്ന് കളം ഭരിച്ചു. 22-ാം ഒാവറിൽ 100 റൺസിലെത്തിയ വിൻഡീസ് തുടർന്ന് സ്കോറിംഗിന്റെ വേഗം കൂട്ടി. 34-ാം ഒാവറിൽ ഹെട്‌മേയർ സെഞ്ച്വറിയിലുമെത്തി.ഹെട്‌മേയർ പുറത്തായശേഷം പുരാനെക്കൂട്ടി ഹോപ്പ് സെഞ്ച്വറിയിലും വിജയത്തിലുമെത്തിച്ചു.
സ്കോർ ബോർഡ്
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി പൊള്ളാഡ് ബി ജോസഫ് 36, രാഹുൽ സി ഹെട്മേയർ ബി കോട്ടെറെൽ 6, കൊഹ്‌ലി ബി കോട്ടെറെൽ 4, ശ്രേയസ് സി പൊള്ളാഡ് ബി ജോസഫ് 70, ഋഷഭ് പന്ത് സി ഹെട്മേയർ ബി പൊള്ളാഡ് 71, കേദാർ സി പൊള്ളാഡ് ബി കീമോപോൾ 40, ജഡേജ റൺ ഒൗട്ട് 21, ദുബെ സി ഹോൾഡർ ബി കീമോ പോൾ 9, ദീപക് ചഹർ നോട്ടൗട്ട് 6, ഷമി നോട്ടൗട്ട് 0, എക്സ്ട്രാസ് 24, ആകെ 50 ഒാവറിൽ 287/8.
വിക്കറ്റ് വീഴ്ച : 1-21 (രാഹുൽ), 2-25 (കൊഹ്‌ലി), 3-80 (രോഹിത്), 4-194 (ശ്രേയസ്), 5-210 (ഋഷഭ്), 6-269 (കേദാർ ), 7-260 (ജഡേജ), 8-282 (ദുബെ).
ബൗളിംഗ് : കോട്ടെറെൽ 10-3-46-2, ഹോൾഡർ 8-0-45-0, വാൽഷ് 5-0-31-0, കീമോപോൾ 7-0-40-2, ജോസഫ് 9-1-45-2, ചേസ് 7-0-42-0, പൊള്ളാഡ് 4-0-28-1.
വിൻഡീസ് ബാറ്റിംഗ്
ഷായ് ഹോപ്പ് നോട്ടൗട്ട് 102, ആംബ്രിസ് എൽ.ബി ബി ചഹർ 9, ഹെട്‌മേയർ സി ശ്രേയസ് ബി ഷമി 139, പുരാൻ നോട്ടൗട്ട് 29 എക്സ്ട്രാസ് 12 ആകെ 47.5 ഒാവറിൽ 291/2
റൺ ഒൗട്ട് വിവാദം,
കൊഹ്‌ലി കലിച്ചു
ഇന്ത്യൻ ഇന്നിംഗ്സിലെ 49-ാം ഒാവറിൽ റോൾട്ടൺ ചേസിന്റെ ത്രോയിൽ രവീന്ദ്ര ജഡേജ റൺ ഒൗട്ടായപ്പോൾ തേഡ് അമ്പയറിന് വിടാൻ ഫീൽഡ് അമ്പയർ വൈകിച്ചത് ഡ്രെസിംഗ് റൂമിലിരുന്ന ഇന്ത്യൻ ക്യാപ്ടൻ കൊഹ്‌ലിക്ക് ദേഷ്യമുണ്ടാക്കി. വിൻഡീസ് ക്യാപ്ടൻ പൊള്ളാഡ് തങ്ങളുടെ ഡ്രെസിംഗ് റൂമിനെ നോക്കി എന്തോ ആവശ്യപ്പെട്ടപ്പോഴാണ് ഫീൽഡ് അമ്പയർ തേഡ് അമ്പയറുടെ സഹായം തേടിയത്. ഇതിൽ കുപിതനായ കൊഹ്‌ലി ബൗണ്ടറി ലൈനിനരികിലേക്ക് എത്തുകയും ഫോർത്ത് അമ്പയറുമായി സംസാരിക്കുകയും ചെയ്തു. തേഡ് അമ്പയർ ഒൗട്ട് വിളിച്ച് ജഡേജയെ പുറത്താക്കുകയായിരുന്നു.