മാനന്തവാടി: താമരശ്ശേരി ഈങ്ങാപ്പുഴയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് സഹോദരങ്ങൾ മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞാൽ വല്ലാട്ട് ജോസ് - മേരി ദമ്പതികളുടെ മക്കളായ ജിനിൽ ജോസ് (35), ജീനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്. സഹോദരൻ ജിനൂപിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളത്തെ ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ടിപ്പറുമായി കൂട്ടിയിടിച്ച കാർ മതിലിലിടിച്ച് മറിയുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം ജിനിലും പിന്നീട് ജിനീഷും മരിച്ചു.
ജിനിൽ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്. ഭാര്യ പുല്പള്ളി പയസ് നഗർ ഒറ്റക്കുന്നേൽ വിനീത യു.കെ.യിൽ നഴ്‌സാണ്. സഹോദരന്റെ വിവാഹശേഷം ജിനിലും യു.കെ.യിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ജിനീഷ് ജോസ് മാരുതി സുസുക്കി കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു. ജിനൂപ് അലുമിനിയം ഫാബ്രിക്കേഷൻ വിഭാഗത്തിൽ ഗൾഫിൽ ജോലിയിലാണ്.