
തിരുവനന്തപുരം: ഇലക്ട്രിക്കൽ വിപണന രംഗത്തെ പ്രമുഖരായ ലക്ഷ്‌മി ഇലക്ട്രിക്കൽസിന്റെ 55-ാം വാർഷികാഘോഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. ലക്ഷ്‌മി ഇലക്ട്രിക്കൽസിന്റെ ചരിത്രം പ്രതിപാദിക്കുന്ന വീഡിയോ പ്രദർശനത്തോടെ ആരംഭിച്ച വാർഷികാഘോഷ പരിപാടികൾ ചെങ്കൽ ആശ്രമം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്‌തു. നഗരത്തിലെ പ്രധാനപ്പെട്ട വ്യാപാര ശൃംഖലയായി മാറിയ ലക്ഷ്മി ഇലക്ട്രിക്കൽസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മേയർ കെ. ശ്രീകുമാർ പറഞ്ഞു. ആർക്കിടെക്ട് എൻ. മഹേഷ്, കേരള ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് ഡോ. ബിജു രമേശ്, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് അൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് രഘുചന്ദ്രൻ, ബിൽഡേഴ്‌സ് അസോസിയേഷൻ ഇന്ത്യ പ്രസിഡന്റ് സുരേഷ് കുമാർ, ക്രെഡായ് പ്രസിഡന്റ് ജയചന്ദ്രൻ, ഇലക്ട്രിക്കൽ കൺസൾട്ടന്റ് കൃഷ്ണസ്വാമി, ലക്ഷ്മി ഇലക്ട്രിക്കൽസ് പ്രൊപ്രൈറ്റർ സുരേഷ് എന്നിവർ സംസാരിച്ചു. ഇലക്ട്രിക്കൽ വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികളായ ആർ.എസ്. നാരായണൻ, എ.വി. രാജാമണി, ഹരിഹരൻ, രാംദാസ്, ഷൈലജ, ശ്രീകാന്ത്, ഗോപകുമാർ എന്നിവരെ ആദരിച്ചു. തുടർന്ന് രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ സംഗീതസന്ധ്യ, പ്രീത് അഴിക്കോടിന്റെ മാജിക് ആൻഡ് ഇല്യൂഷൻ ഷോ, ഡി.ജെ സംഗീതവിരുന്ന്, രാജസ്ഥാൻ നാടോടി കലാരൂപങ്ങൾ എന്നിവ അരങ്ങേറി. ആഘോഷ പരിപാടികളുടെ ഭാഗമായി കാരിക്കേച്ചർ, ഫോട്ടോഹൗസ്, പ്രാങ്കിംഗ് തുടങ്ങി വിവിധ എന്റർടെയ്ൻമെന്റ് കോർണറുകളും ഒരുക്കിയിരുന്നു. ലക്ഷ്‌മി ഇലക്ട്രിക്കൽസ് ജീവനക്കാർ, കുടുംബാംഗങ്ങൾ, വിവിധ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.