kummanam

തിരുവനന്തപുരം: പൗരത്വബില്ലിൽ പ്രതിഷേധിച്ച് 17ന് നടത്തുന്ന ഹർത്താൽ അനാവശ്യവും വർഗ്ഗീയ- രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ളതും രാഷ്ട്ര താത്പര്യത്തിന് വിരുദ്ധവുമാണെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു.

കോൺഗ്രസ്സും സിപിഎമ്മും തീവ്രവാദ സംഘടനകളും ചേർന്ന് നടത്തിയ ഗൂഢാലോചന ഇതോടെ വെളിച്ചത്തായി. ജനങ്ങളിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. പൗരത്വബിൽ മുസ്ലിം സമുദായത്തെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ല.

നെഹ്റുവും മൻമോഹൻ സിംഗും പ്രധാനമന്ത്രിയായിരുന്നപ്പോൾ പൗരത്വം സംബന്ധിച്ച് കൈക്കൊണ്ട അതേ നയവും നിലപാടും ആവർത്തിക്കുക മാത്രമേ കേന്ദ്രസർക്കാർ ഇപ്പോൾ ചെയ്തിട്ടുള്ളൂ എന്നും കുമ്മനം പറഞ്ഞു.

പൗരത്വ രജിസ്റ്റർ ഉണ്ടാകണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് മോദി സർക്കാർ ചെയ്തിട്ടുള്ളത്. വസ്തുത ഇതായിരിക്കെ മതവികാരം ഇളക്കിവിട്ട് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള കോൺഗ്രസ് - സി.പി.എം ശ്രമം തീക്കൊള്ളികൊണ്ട് തല ചൊറിയൽ ആണ്. തീവ്രവാദ ശക്തികളും ഇവരോടൊപ്പം രംഗത്തിറങ്ങിയിരിക്കുന്നത് ആശങ്കാജനകമാണ്. വസ്തുതകൾ മനസ്സിലാക്കി ഹർത്താലിനെതിരെ ജന മനസാക്ഷി ഉണരണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു