murder-case

ആലപ്പുഴ: തുമ്പോളി പള്ളി സെമിത്തേരിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതികൾ കുത്തേറ്റ് മരിച്ചു. തുമ്പോളി സാബു വധക്കേസിലെ പ്രതികളായ വികാസ് (27),​ ജസ്റ്റിൻ സോനു (25) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് സെമിത്തേരിക്ക് സമീപം നിൽക്കുമ്പോഴുണ്ടായ വാർക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

രണ്ട് വർഷം മുമ്പ് തീർത്ഥശേരി ഷാപ്പിൽ ഉണ്ടായ കൊലപാതകത്തെ തുടർന്നുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവം അറിഞ്ഞ് നോർത്ത് പൊലീസ് എത്തിയാണ് കുത്തേറ്റ് കിടന്നവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. യാത്രാ മദ്ധ്യേ വികാസ് മരിച്ചു. ജസ്റ്റിൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. അഞ്ചംഗസംഘമാണ് കൊലയ്ക്ക് പിന്നിൽ. പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.