arrest

കൊല്ലം: മരുമകൾ കവറിൽ കല്ലുകെട്ടി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച വൃദ്ധ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. വെണ്ടാർ വെൽഫെയർ സ്കൂളിന് സമീപം ആമ്പാടിയിൽ പുത്തൻവീട്ടിൽ രമണിഅമ്മയാണ്(66) മരിച്ചത്. കഴിഞ്ഞ 11ന് ഉച്ചയോടെയായിരുന്നു രമണിഅമ്മയ്ക്ക് നേരെ മരുമകൾ ഗിരിതയുടെ (41) ആക്രമണം ഉണ്ടായത്. ഉച്ചയുറക്കത്തിലായിരുന്ന രമണിഅമ്മയെ കിടപ്പുമുറിയുടെ വാതിൽ അടച്ച ശേഷം പ്ളാസ്റ്റിക് കവറിനുള്ളിലിട്ട കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

തലപൊട്ടി തലച്ചോറും കണ്ണുകളും പുറത്തേക്ക് വന്ന നിലയിലാണ് രമണിഅമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രി 11 ഓടെ മരിച്ചു. സംഭവത്തിൽ അന്നുതന്നെ അറസ്റ്റിലായ ഗിരിത ഇപ്പോൾ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിലാണ്. കേസ് കൊലപാതകമായ സ്ഥിതിക്ക് ഇനി ഗിരിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും.