gold

തിരുവനന്തപുരം: വിമാനത്തിന്റെ സീറ്റിനടിയിൽ പഴ്സിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കിലോ സ്വർണം ഡി.ആർ.ഐ പിടികൂടി. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കബീറും വനിതാ സുഹൃത്തുമുൾപ്പെടെ 9 പേരെ ഡി.ആർ.ഐ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 3ന് ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. കബീറും ഇയാളുടെ കൂട്ടുകാരിയും ഇരുന്ന നിരയിലെ സീറ്റിനടിയിൽ സ്ത്രീകളുടെ പഴ്സിനുള്ളിൽ ബിസ്ക്കറ്റ് രൂപത്തിൽ ഒളിപ്പിച്ച സ്വർണമാണ് രഹസ്യവിവരത്തെതുടർന്ന് ഡി.ആർ.ഐ കണ്ടെത്തിയത്.

പത്ത് പീസുകളാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ആരും കുറ്റം സമ്മതിക്കാതിരുന്നതിനാൽ വിമാനത്തിൽ എസ്.ഐയും കൂട്ടുകാരിയും ഇരുന്ന നിരയിലുണ്ടായിരുന്ന 9 പേരെയും ചോദ്യം ചെയ്യാനായി ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി എസ്.ഐ കബീർ അവധിയിലായിരുന്നുവെന്നും ഇയാളുടെ വിദേശയാത്രയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും ഉന്നത പൊലീസുദ്യോഗസ്ഥർ അറിയിച്ചു. ഡി.ആർ.ഐ ഓഫീസിൽ നിന്ന് ഔദ്യോഗികമായി ഇക്കാര്യം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ അറിയിച്ചതിനെതുടർന്ന് ശംഖുംമുഖം അസി. കമ്മിഷണറോട് സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി കോടികളുടെ സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണനുൾപ്പെടെയുള്ളവർ പിടിയിലായശേഷം ഇതുവഴിയുളള കടത്ത് നിലച്ചിരിക്കുകയായിരുന്നു. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജർമാരായിരുന്ന പ്രകാശ് തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവരുൾപ്പെടെ രണ്ട് ഡസനോളം പേരെ ഡി.ആർ.ഐ പിടികൂടിയിരുന്നു. ഇതിൽ രാധാകൃഷ്ണനും വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമുൾപ്പെടെ ഉള്ളവർക്കെതിരെ കൊഫേപോസ നിയമപ്രകാരമുള്ള നടപടികളും സ്വീകരിച്ചിരുന്നു.

കഴിഞ്ഞദിവസം കൊച്ചിയിൽ സി.ബി.ഐ ഓഫീസിലേക്ക് വരുന്ന വഴി രാധാകൃഷ്ണനെ കൊഫേപോസ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പും ഒരു യാത്രക്കാരനെ സ്വർണക്കടത്തിനിടെ തിരുവനന്തപുരത്ത് ഡി.ആർ.ഐ പിടികൂടിയതിന് പിന്നാലെയാണ് ഇന്നത്തെ സ്വർണവേട്ട. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം വിമാനത്തിനുള്ളിലെ സി.സി. ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചശേഷമേ കള്ളക്കടത്തിന് പിന്നിൽ ആരാണെന്ന് ഉറപ്പിക്കാനാകൂവെന്ന് ഡി.ആർ.ഐ വെളിപ്പെടുത്തി.