crime

കൊല്ലം: കൊട്ടാരക്കര വാളകത്ത് ഭാര്യയുടെ കാമുകനെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തല്ലിക്കൊന്നു. വാളകം അണ്ടൂർ രത്നവിലാസത്തിൽ അനിൽകുമാറാണ് (42) കൊല്ലപ്പെട്ടത്. ജീപ്പ് ഡ്രൈവറായിരുന്ന അനിൽകുമാറിന് കഴിഞ്ഞ എട്ടിന് രാത്രിയിലാണ് ക്രൂര മർദ്ദനമേറ്റത്.

പൊലീസ് പറയുന്നത്: അനിൽ കുമാറിന് പ്രദേശവാസിയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് നാട്ടിൽ പരക്കെ സംസാരം ഉണ്ടായിരുന്നു. ഇത് യുവതിയുടെ ഭർത്താവ് സഹദേവന്റെ ചെവിയിലുമെത്തി. തുടർന്ന് സഹദേവനും സുഹൃത്തുക്കളായ ബെന്നിയും സതീഷും അനിൽകുമാറിനെ പിടിക്കാൻ കാത്തിരുന്നു. ഇതറിയാതെ വന്നുചാടിയ അനിൽകുമാറിനെ മൂവരും ചേർന്ന് പിടികൂടി മർദ്ദിച്ചു. പരിക്കേറ്റ അനിൽകുമാർ ആരോടും പറയാതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നാണക്കേട് ഭയന്ന് പൊലീസിൽ പരാതിയും നൽകിയില്ല.

വീട്ടിലെത്തിയ അനിൽകുമാറിന് തലയ്ക്ക് പെരുപ്പും മറ്റ് അസ്വസ്ഥതകളുമുണ്ടായി. തുടർന്ന് മിനിഞ്ഞാന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്നലെ രാത്രിയിൽ തലയ്ക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അനിൽകുമാറിന്റെ ഭാര്യ ഇന്നലെ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. തുടർന്ന് റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം സഹദേവനടക്കം മൂന്നുപേർക്കെതിരെ നരഹത്യാ ശ്രമത്തിന് രാത്രിയോടെ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം നടക്കുമ്പോഴാണ് പുലർച്ചെ അനിൽകുമാർ മരണപ്പെട്ടത്. ഇതോടെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.