red-215

''ശരിക്കും? തമ്പുരാന് അക്കാര്യത്തിൽ ഉറപ്പുണ്ടോ?"

അലിയാരിലെ അവിശ്വസനീയത മാറുന്നില്ല.

''അതെ. ഞാൻ കണ്ടു, സിസിടിവിയിൽ അവന്റെ വ്യക്തമായ മുഖം. പോലീസുകാർ എനിക്കു കാട്ടിത്തന്നു."

ബലഭദ്രന്റെ ശബ്ദം കനത്തു.

''ഇനി ഞാൻ ഉറങ്ങില്ല അലിയാരേ... പ്രജീഷിനെ കിട്ടും വരെ... ങ്‌ഹാ നാളെ പുലർച്ചെയോടെ ബോഡിയുമായി ഞങ്ങളെത്തും. നാളെത്തന്നെ സംസ്കാരവും നടത്തും."

ബലഭദ്രൻ കാൾ മുറിച്ചു.

അല്പനേരം അനങ്ങാതെ ഇരുന്നുപോയി സി.ഐ അലിയാർ.

പ്രജീഷ് എന്തിന് ബംഗളുരുവിൽ പോയി തമ്പുരാന്റെ മകളെ കൊന്നെന്നു മാത്രം അയാൾക്കു മനസ്സിലാകുന്നില്ല.

ഇനി വരുന്ന രണ്ടുമൂന്നു ദിവസങ്ങൾ നിർണ്ണാകമാണെന്നു തോന്നി അലിയാർക്ക്.

ദുരൂഹതകൾ നിറഞ്ഞ വടക്കേ കോവിലകത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ആകാറായി. അപ്പോഴും എസ്.പി ഷാജഹാന്റെ വാക്കുകൾ അയാളുടെ കാതുകളിൽ ഉണ്ടായിരുന്നു.

പാഞ്ചാലിക്ക് നീതി കിട്ടണം.

പെട്ടെന്ന് അലിയാരുടെ സെൽഫോൺ ശബ്ദിച്ചു. അതെടുത്തു നോക്കിയ അയാളുടെ കണ്ണുകൾ വികസിച്ചു. വേഗം കോളെടുത്തു.

''ങാ.... പറഞ്ഞോ...."

''ഡി.എൻ.എ ടെസ്റ്റിന്റെ റിസൾട്ടു കിട്ടി. കോവിലകത്ത് കൊല്ലപ്പെട്ടത് അണലി അക്‌‌ബർ തന്നെ...

അയാളുടെ അമ്മയുടെ സാംപിളുമായി യോജിക്കുന്നുണ്ട്. പിന്നെ.. താങ്കൾ പരിശോധനയ്ക്ക് അയച്ച ഡയമണ്ട്. ഏതാണ്ട് അഞ്ഞൂറിലധികം വർഷത്തെ പഴക്കം വരും അതിന്.

അലിയാരുടെ കണ്ണുകളിൽ അത്ഭുതം തിങ്ങി.

''അതിന്റെ ഇന്നത്തെ മാർക്കറ്റ് വാല്യു?"

''വൺ ലാക്ക്."

അലിയാരുടെ ഉടലിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു.

ആ കല്ലറയിൽ നിന്ന് അപ്പോൾ എത്രയോ കോടികളുടെ ഡയമണ്ട്‌സ് കടത്തിക്കൊണ്ടു പോയിരിക്കും?"

''താങ്ക്‌സ്. ഞാൻ പിന്നെ വിളിക്കാം." അലിയാർ കോൾ കട്ടു ചെയ്തിട്ട് ബസർ അമർത്തി.

ഹാഫ് ഡോർ പകുതി തുറന്ന് ഒരു കോൺസ്റ്റബിൾ തല നീട്ടി.

''സുകേശിനോട് ഇങ്ങോട്ടു വരാൻ പറ."

''സാർ..."

അര മിനിട്ടിനുള്ളിൽ എസ്.ഐ സുകേശ് സി.ഐയ്ക്കു മുന്നിലെത്തി..

''സാർ...."

''സുകേശേ... ഇപ്പോൾത്തന്നെ നാലുപേരെ വടക്കേ കോവിലകത്ത് മഫ്ടിയിൽ ഡ്യൂട്ടിക്കിട്. അവിടെ നിന്ന് ഏതുവഴിയും ആരെങ്കിലും പുറത്തുപോയാൽ ഉടൻ കസ്റ്റഡിയിലെടുക്കണം. അകത്തുനിന്ന് ആരെങ്കിലും ശ്രദ്ധിച്ചാൽ കാണാത്ത രൂപത്തിലായിരിക്കണം അവർ നിൽക്കേണ്ടത്. രാവും പകലും ആളുവേണം."

''യേസ് സാർ..."

സുകേശ് ക്യാബിൻ വിട്ടു.

അലിയാർ സംതൃപ്തിയോടെ മീശയിൽ ഒന്നു തടവി. പിന്നെ കൈവിരലുകൾ പരസ്പരം കോർത്തു മടക്കി.

മരക്കൊമ്പ് ഒടിയുന്നതുപോലെ ഞൊട്ടകൾ കേട്ടു.

*****

വടക്കേ കോവിലകം.

സന്ധ്യ മയങ്ങി.

ചെറിയൊരു ആലസ്യത്തിലായിരുന്നു കിടാക്കന്മാരും പരുന്ത് റഷീദും.

ശ്രീനിവാസകിടാവ് പെട്ടെന്നുണർന്ന് മറ്റുള്ളവരെ വിളിച്ചുണർത്തി.

''മതി ഉറങ്ങിയത്. ബാക്കി കല്ലറകൾ കൂടി പൊളിക്കണം."

പരുന്ത് റഷീദ് കിച്ചണിൽ പോയി ബ്ളാക്ക് കോഫി തയ്യാറാക്കി.

മൂവരും കുടിച്ചു.

ശേഷം ചാർജ്ജിൽ ഇട്ടിരുന്ന എമർജൻസി ലാംപുമായി നിലവറയിലേക്കു നടക്കാൻ ഭാവിച്ചു.

പെട്ടെന്നാണ് ശേഖരൻ തിരക്കിയത്.

''ചേട്ടാ. ചന്ദ്രകലയും പ്രജീഷും... അവർ എന്തിയേന്ന്. നോക്കണ്ടേ?"

കിടാവും അപ്പോഴാണത് ഓർത്തത്.

''വാ. ഒന്നു നോക്കിയേക്കാം. ഇന്നുതന്നെ അവരുടെ വിചാരണയും ശിക്ഷയും നടപ്പാക്കണം. പിന്നെ നിലവറയിലെ കല്ലറകളിൽ അന്ത്യവിശ്രമം."

കിടാവ് ക്രൂരമായി ചിരിച്ചു.

മൂവരും ചന്ദ്രകലയെയും പ്രജീഷിനെയും തടവിലാക്കിയ മുറിയിലെത്തി.

ഭിത്തിയിലെ സ്വിച്ചിട്ട് ലൈറ്റു തെളിച്ചു.

ചന്ദ്രകലയും പ്രജീഷും ഉണർന്നു കിടക്കുകയായിരുന്നു.

കിടാക്കന്മാരെ മുന്നിൽ കണ്ട് ഇരുവരും എഴുന്നേൽക്കാൻ ഭാവിച്ചു.

കൈകാലുകൾ ബന്ധിച്ചതിനാൽ കഴിഞ്ഞില്ല.

എന്തോ പറയാൻ എന്ന ഭാവത്തിൽ അവർ തലകുടഞ്ഞു.

''പരുന്തേ അവരുടെ അണ്ണാക്കീന്ന് ആ തുണിയങ്ങ് മാറ്റിക്കേ. പറയാനുള്ളത് എന്താണെന്ന് കേൾക്കുന്നത് സാമാന്യ മര്യാദ."

ശ്രീനിവാസകിടാവ് നിർദ്ദേശിച്ചു.

പരുന്ത് അപ്രകാരം ചെയ്തു.

''സാറേ..." ചന്ദ്രകലയാണ് ആദ്യം നാവനക്കിയത്. ''ഒന്നിച്ചു നിന്നിട്ട് ഞങ്ങളോട് ഈ ചതി വേണമായിരുന്നോ?"

വിഷമവും ദേഷ്യവും ഒന്നിച്ചുണ്ടായി അവൾക്ക്.

കിടാവ് ഒന്നു ചിരിച്ചു.

''ചതിയല്ലെടീ. തന്ത്രം! തൊലിവെളുപ്പുള്ള ഒറ്റ കാരണം കൊണ്ടാണ് നിന്നെ ഞങ്ങള് രാമഭദ്രൻ തമ്പുരാനുമായി അടുപ്പിച്ചത്. അല്ലെങ്കിൽ നാലണയ്ക്ക് നാലുപേർക്ക് ശരീരം വിറ്റു നടന്ന നിനക്കിങ്ങനെ ഒരു രാജയോഗം ഉണ്ടാകുമായിരുന്നോടീ?"

മുഖത്തേക്ക് മീൻവെള്ളം വീണതുപോലെ പിടഞ്ഞുപോയി ചന്ദ്രകല.

ബാക്കി പറഞ്ഞത് ശേഖരൻ.

''പക്ഷേ ഇവിടെ വന്നപ്പോൾ നീ തമ്പുരാട്ടിയായി സ്വയമങ്ങ് അവരോധിച്ചു. എല്ലാംകൂടി ഒറ്റയ്ക്കു വിഴുങ്ങാൻ ഒരിക്കൽ നിനക്ക് മാമാപ്പണി ചെയ്തിരുന്ന ഈ പ്രജീഷിനെ കൂട്ടുപിടിച്ചു. ഏതറ്റം വരെ നീയൊക്കെ പോകും എന്ന് നോക്കിയിരിക്കുകയായിരുന്നു ഞങ്ങള്."

''സാറേ..." അസ്വസ്ഥതയോടെ പ്രജീഷ് വിളിച്ചു. ആ ശബ്ദത്തിൽ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു.

(തുടരും)