novel

''മ്? എന്താടാ?"

ശേഖരൻ പുച്ഛത്തിൽ പ്രജീഷിനു നേർക്കു കണ്ണയച്ചു.

''മാർക്കറ്റ് വാല്യുവിന്റെ പകുതി വിലയ്ക്കാണ് ഞങ്ങൾ എല്ലാം നിങ്ങൾക്ക് കരാറാക്കിയത്. എന്നിട്ടും തന്ന പത്തുകോടി കള്ളനോട്ട്! പിന്നാലെ ഞങ്ങളെ കൊല്ലാൻ ആളിനെയും വിട്ടു. അതൊക്കെ നിങ്ങൾക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയും? ഒന്ന് ഇപ്പോഴും ഓർത്താൽ നന്ന്. പിടിക്കപ്പെട്ടാൽ നമ്മളെല്ലാം ഒന്നിച്ച് അകത്താ. കൊച്ചിയിൽ പൊളിക്കാൻ പോകുന്ന നിങ്ങളുടെ ഫ്ളാറ്റിനെക്കാൾ കഷ്ടമാകും ഇനിയുള്ള ജീവിതം."

ശേഖരൻ മറുപടി പറയാൻ ഭാവിക്കുമ്പോൾ ശ്രീനിവാസകിടാവ് കൈ ഉയർത്തി. ശേഷം സംസാരിച്ചു.

''നമ്മളെല്ലാം ഒന്നിച്ച് ജയിലിൽ പോകത്തില്ല പ്രജീഷേ.. ഇക്കണ്ട കാലം അത്രയും നടന്നതൊന്നും നിങ്ങൾ രണ്ടുപേരും ആരോടും പറയാൻ പോകുന്നുമില്ല. നീയൊക്കെ കാരണം ഇപ്പോൾ ഞങ്ങൾക്കും ഒളിവിൽ കഴിയേണ്ടിവന്നിരിക്കുന്നു. സാരമില്ല. നിങ്ങൾ ഇല്ലാതായിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾക്കെതിരെ ആര് മൊഴികൊടുക്കും?"

''സാറേ...." പാമ്പു ചീറ്റും പോലെ ചന്ദ്രകല വിളിച്ചു.

''അതേടീ. നിന്നെയൊക്കെ ബംഗളുരുവിൽ നിന്ന് ഇവിടെ കൊണ്ടുവന്നത് കൊല്ലാൻ തന്നെയാ. ഞങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി തീർന്നാൽ അടുത്ത നിമിഷം നിന്റെ യൊക്കെ ശരീരങ്ങൾ കോവിലകത്തിന്റെ നടുത്തളത്തിലെ ഉത്തരത്തിൽ തൂങ്ങിക്കിടക്കും. സി.ഐ അലിയാർക്ക് ഞങ്ങൾ കൊടുക്കുന്ന ഒരു സമ്മാനം കൂടിയാവും അത്."

പ്രജീഷിന് അസ്വസ്ഥത പെരുകി.

''കൊല്ലുന്നെങ്കിൽ ഇപ്പത്തന്നെ താനങ്ങ് കൊന്നോ. അല്ലെങ്കിൽ അഴിച്ചുവിട്. ഞങ്ങൾക്ക് ബാത്ത്‌റൂമിലെങ്കിലും ഒന്നു പോകണം."

കിടാവ് കണ്ണുകൊണ്ട് അനുജന് ഒരടയാളം നൽകി.

അയാൾ മുന്നോട്ടു നീങ്ങി ആ മുറി മുഴുവൻ പരിശോധിച്ചു.

ആ മുറിയോടും ചേർന്നു ഒരു ബാത്ത് റൂം നിർമ്മിച്ചിരുന്നു.

നടുത്തളത്തിലേക്കുള്ള ഒറ്റ വാതിൽ വഴിയല്ലാതെ രക്ഷപെടാൻ കഴിയില്ല.

ശേഖരൻ ചേട്ടനെ നോക്കി തലയാട്ടി.

കിടാവ് പെട്ടെന്ന് ഇടുപ്പിൽ നിന്നൊരു പിസ്റ്റൾ വലിച്ചെടുത്തു.

''രക്ഷപെടാൻ ശ്രമിച്ചാൽ പിന്നെ നീയൊന്നുമില്ല. ''അയാൾ പരുന്തിനു നേർക്കു തിരിഞ്ഞു. ''ഇവരുടെ ബാഗിൽ എന്തൊക്കെയുണ്ടെന്നു നോക്കെടാ."

പരുന്ത് ചന്ദ്രകലയുടെയും പ്രജീഷിന്റെയും ബാഗുകൾ തുറന്ന് തറയിലേക്കു ചരിച്ചു.

കുറച്ചു വസ്ത്രങ്ങൾ, പണം, പഴയ സെൽഫോൺ എന്നിവ താഴെ വീണു.

ശേഖരൻ കുനിഞ്ഞ് ആ ഫോണെടുത്തു.

തങ്ങളെ ആക്രമിക്കുവാൻ പറ്റിയതൊന്നും ആ മുറിക്കുള്ളിൽ ഇല്ലെന്നും ഉറപ്പാക്കി.

തുടർന്ന് കിടാവിന്റെ നിർദ്ദേശാനുസരണം പരുന്ത് ഇരുവരുടെയും കെട്ടുകൾ അഴിച്ചു.

ആശ്വാസത്തോടെ ചന്ദ്രകലയും പ്രജീഷും എഴുന്നേറ്റു.

''സാറേ. കുടിക്കാനിത്തിരി വെള്ളമെങ്കിലും തന്നാട്ടെ..." ചന്ദ്രകല ഉണങ്ങിയ നാവു നീട്ടി ചുണ്ടിൽ പരതി.

''വേണ്ട വേണ്ടാ. വെള്ളമൊന്നും കുടിക്കണ്ടാ ഏതായാലും അധികനേരത്തെ ആയുസ്സൊന്നും നിങ്ങൾക്ക് അവശേഷിക്കുന്നില്ല. അത്രയും കൂടി നരകിക്കുന്നതു നല്ലതാ."

കിടാവ് ചിരിച്ചു.

ശേഷം മൂവരും പുറത്തിറങ്ങി. വേഗം വാതിലടച്ച് പുറത്തുനിന്ന് ഓടാമ്പൽ വലിച്ചിട്ടു.

''ഇനി സമയം കളയണ്ടാ."

ബാക്കി നിധി കൂടി എടുക്കുവാൻ കിടാക്കന്മാർക്കു തിടുക്കമായി. അപ്പോഴാണ് കിച്ചണിൽ ലൈറ്റു തെളിഞ്ഞുകിടക്കുന്നത് ശേഖരന്റെ ശ്രദ്ധയിൽ പെട്ടത്.

''പരുന്തേ. അതങ്ങ് ഓഫു ചെയ്തേര്."

''കുറച്ചു വെള്ളം കൂടി എടുത്തേക്കാം. അത് മറന്നു."

പിറുപിറുത്തുകൊണ്ട് പരുന്ത് കിച്ചണിലേക്കു പോയി.

''ഇവനെ എന്തുചെയ്യണം? വീതം കൊടുത്ത് പറഞ്ഞുവിട്ടാൽ അപകടമല്ലേ: അവൻ ഡയമണ്ടും കൊണ്ട് എവിടെയെങ്കിലും ചെല്ലും. പോലീസും പിടിക്കും. അവനിൽ നിന്ന് നമ്മളാണ് ഇതെല്ലാം അപഹരിച്ചതെന്ന് പുറം ലോകം അറിയുകയും ചെയ്യും."

ശേഖരകിടാവ്, ശ്രീനിവാസകിടാവിനെ നോക്കി.

''അതിന് അവന് വീതം കൊടുക്കുന്നെന്ന് ആരു പറഞ്ഞു? ചന്ദ്രകലയ്ക്കും പ്രജീഷിനുമൊപ്പം അവനും യാത്രയാകും. പലലോകത്തേക്ക്."

കിടാവ് അടക്കി ചിരിച്ചു.

എന്നാൽ കിച്ചണിലേക്കു പോയ പരുന്ത് ഈ പറഞ്ഞതു കേട്ടു. നടുത്തളത്തിലെ അങ്ങേത്തിരിവിൽ കാത്തുനിന്നിരുന്നു അയാൾ. ഇവർ എന്താണ് സംസാരിക്കുന്നതെന്ന് കേൾക്കാൻ തന്നെ.

തന്റെ കണക്കുകൂട്ടൽ എത്ര ശരിയായിരുന്നെന്ന് പരുന്ത് ഓർത്തു.

ഇനി എന്തു വേണമെന്ന് തനിക്കറിയാം.

ആ ചിന്തയോടെ അയാൾ കിച്ചണിലെത്തി. ഫ്രിഡ്ജിൽ നിന്നു വെള്ളമെടുത്തു. ലൈറ്റും ഓഫു ചെയ്തു.

നിലവറ.

വളരെ സാവധാനത്തിലാണ് പരുന്ത് അത് പൊളിക്കാനുള്ള ശ്രമം നടത്തിയത്.

കിടാക്കന്മാരുടെ നെറ്റി ചുളിഞ്ഞു.

''എന്താടാ ഇങ്ങനെ? നിന്റെ ഉശിരൊക്കെ പോയോ... നാളെ നേരം വെളുക്കുമ്പോൾ നീ കോടീശ്വരനാ. അത് മറക്കണ്ടാ." ശേഖരൻ പറഞ്ഞു.

''എന്തു പറയാനാ സാറേ.. ദേ എന്റെ കൈകണ്ടോ. ഇരുമ്പുപാര പിടിച്ച് അങ്ങിങ്ങ് പൊട്ടിയിരിക്കുകകയാ.."

അയാൾ തന്റെ കൈ വിടർത്തി കാണിച്ചു.

തന്റെ സഹായമില്ലാതെ ഇവർക്ക് കല്ലറ പൊളിക്കുവാൻ കഴിയില്ലെന്ന് പരുന്തിനറിയാം. അതുകൊണ്ട് ഈ ജോലി കഴിയുന്നത്ര ദീർഘിപ്പിക്കുവാൻ ആയിരുന്നു പരുന്തിന്റെ തീരുമാനം.

കിട്ടിയ രത്നങ്ങളുമായി രക്ഷപെട്ടാലോ എന്നുപോലും അയാൾ ചിന്തിച്ചു. പക്ഷേ അത് കിടാക്കന്മാർ തങ്ങളുടെ തലയിണയ്ക്ക് അടിയിലാണിപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. അല്ലെങ്കിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇവരെ കൊല്ലണം. പൊടുന്നനെ അങ്ങനെയൊരു ചിന്ത പരുന്തിനുണ്ടായി...

(തുടരും)