കറുപ്പിന് ഏഴഴക് എന്ന് പറയുന്നത് ചുമ്മാതല്ലെന്ന് കറുത്തവർഗക്കാർ തെളിയിച്ചിരിക്കുകയാണ്. ലോകത്തിൻെറ സുന്ദരികപ്പട്ടത്തിൽ കറുത്ത സുന്ദരികൾ വെളുത്ത സുന്ദരിമാരെ തകർത്തിരിക്കുകയാണ്. ഒന്നും രണ്ടുമൊന്നുമല്ല, അഞ്ച് കറുത്തസുന്ദരിമാർ. 2019 വിടവാങ്ങുന്നത് കറുത്തസുന്ദരിമാരുടെ മേളനം കണ്ടുകൊണ്ടാണ്.
ശനിയാഴ്‌ച ലണ്ടനിൽ നടന്ന മിസ് വേൾഡ് 2019 ഗ്രാൻഡ് ഫിനാലെയിൽ പുതിയ കിരീടാവകാശിയായി ടോണി ആൻ സിംഗ് എന്ന ജമൈക്കൻ സുന്ദരിയെ തിരഞ്ഞെടുത്തതോടെ സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വർഷമായി മാറിയിരിക്കുകയാണ് 2019. ഇതാദ്യമായാണ് ഒരേ വർഷം തന്നെ മിസ് യു.എസ്.എ, മിസ് ടീൻ യു.എസ്.എ, മിസ് അമേരിക്ക, മിസ് യൂണിവേഴ്സ്, മിസ് വേൾഡ് എന്നീ ലോകത്തെ ഏറ്റവും വലിയ അഞ്ച് ബ്യൂട്ടി ടൈറ്റിലുകളും കറുത്ത വംശജരായ വനിതകൾ സ്വന്തമാക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് കറുത്ത വംശജർ അനുഭവിച്ചിരുന്ന വർണവെറിയും സൗന്ദര്യമത്സരങ്ങളിൽ നിലനിന്നിരുന്ന സ്ഥിര സങ്കല്പവുമെല്ലാം കേവലം പഴങ്കഥകൾ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇവർ.
#സുന്ദരിക്ക് ഇന്ത്യൻ ടച്ചും
കഴിഞ്ഞ ആഴ്ചയാണ് സൗത്ത് ആഫ്രിക്കയുടെ സോസിബിനി തുൻസി മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയത്. ഏപ്രിലിൽ കാലി ഗാരിസ് മിസ് ടീൻ യു.എസ്.എയും മേയിൽ ചെസ്‌ലി ക്രിസ്‌റ്റ് മിസ് യു.എസ്.എയും നേടിയപ്പോൾ നിയ ഫ്രാങ്ക്‌ലിൻ മിസ് അമേരിക്ക 2019 കിരീടം സ്വന്തമാക്കിയിരുന്നു.
ലോകസുന്ദരി കിരീടം നേടിയ ടോണി ആൻ സിംഗിന്റ പേര് കേൾക്കുമ്പോൾ ഒരു ഇന്ത്യൻ ടച്ച് തോന്നുന്നുണ്ടല്ലേ. ടോണിയുടെ അച്ഛൻ ബ്രാഡ്ഷാ സിംഗ് ഇന്ത്യൻ - കരീബിയൻ വംശജനാണ്. ആഫ്രിക്കൻ - കരീബിയൻ വംശജയായ ടോണിയുടെ അമ്മ ജമൈക്കൻ പൗരയാണ്. ജമൈക്കയിലെ മോറന്റ് ബേയിൽ ജനിച്ച 23കാരിയായ ടോണി 9ാം വയസിൽ അമ്മ ജെറിനും അച്ഛൻ ബ്രാഡ്ഷാ സിംഗിനുമോപ്പം യു.എസിലെ ഫ്ലോറിഡയിലേക്ക് കുടിയേറുകയായിരുന്നു.
#സൗന്ദര്യത്തോടൊപ്പം സംഗീതവും
ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ നിന്നും വിമൺസ് സ്‌റ്റഡീസ് ആൻഡ് സൈക്കാളജിയിൽ ബിരുദം നേടിയ ടോണി കരീബിയൻ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഫ്ലോറിഡ കരീബിയൻ അസോസിയേഷൻ നടത്തിയ സൗന്ദര്യ മത്സരത്തിലാണ് ടോണി ആദ്യമായി പങ്കെടുത്തത്. അന്ന് അവിടെ വിധികർത്താവായി എത്തിയ മുൻമിസ് ജമൈക്ക ടെറി കാറെൽ റീഡ് ആണ് ടോണിയ്ക്ക് തുടർന്ന് മത്സരിക്കാനുള്ള പ്രോത്സാഹനം നൽകിയത്. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ടോണി വിറ്റ്നി ഹൂസ്റ്റണിന്റെ കടുത്ത ആരാധികയാണ്. സംഗീതത്തിൽ തത്പരയാണെങ്കിലും മെഡിസിന് പഠിക്കണമെന്നും ഒരു ഡോക്ടർ ആകണമെന്നുമാണ് ടോണിയുടെ ഇപ്പോഴത്തെ ആഗ്രഹം.
മിസ് ജമെക്ക 2019 കിരീടം സ്വന്തമാക്കിയശേഷമാണ് ടോണി മിസ് വേൾഡ് മത്സരത്തിന് ചുവട് വച്ചത്. മിസ് വേൾഡ് കിരീടം സ്വന്തമാക്കുന്ന നാലാമത്തെ ജമൈക്കക്കാരിയാണ് ടോണി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് ജമൈക്കയിലേക്ക് വീണ്ടുമൊരു ലോകസുന്ദരി പട്ടം എത്തിയിരിക്കുന്നത്. 1993ൽ ലിസ ഹന്നയാണ് അവസാനമായി മിസ് വേൾഡ് കിരീടം സ്വന്തമാക്കിയ ജമൈക്കക്കാരി. 1976, 1963 എന്നീ വർഷങ്ങളിലാണ് അതിന് മുമ്പ് ജമൈക്ക ഈ നേട്ടം കൈവരിച്ചത്.
#സുമൻ റാവു നമ്മുടെ അഭിമാനം
മിസ് വേൾഡ് മത്സരത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത് 21കാരിയായ ഇന്ത്യയുടെ സുമൻ റാവു ആണ്. മിസ് വേൾഡ് ഏഷ്യ 2019ന് ഉടമയാണ് സുമൻ. രാജസ്ഥാനിലെ ഉദയ്‌പൂരിലുള്ള ആയിദാന ഗ്രാമത്തിൽ ജനിച്ച സുമൻ വളർന്നത് മുംബയിലാണ്. സുമന്റെ പിതാവ് രതൻ സിംഗ് റാവു രത്നവ്യാപാരിയാണ്. അമ്മ സുശീല വീട്ടമ്മയാണ്. ജിതേന്ദ്ര, ചിരാഗ് എന്നീ രണ്ട് സഹോദരൻമാരുണ്ട് സുമന്. മുംബയ് യൂണിവേഴ്സിറ്റിയിൽ ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സ് പഠിച്ചു കൊണ്ടിരിക്കെ 2018ൽ മിസ് നവി മുംബയ് മത്സരത്തിൽ പങ്കെടുത്ത സുമൻ അന്ന് രണ്ടാം സ്ഥാനം നേടിയിരുന്നു. കഥക് നർത്തകി കൂടിയായ സുമൻ 2019 മിസ് രാജസ്ഥാൻ, മിസ് ഇന്ത്യ എന്നീ കിരീടങ്ങളും സ്വന്തമാക്കി. പഠനത്തോടൊപ്പം മോഡലിംഗിന്റെ തിരക്കിലാണ് സുമൻ ഇപ്പോൾ.